Site iconSite icon Janayugom Online

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ 24ന്

ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ഇതുസംബന്ധിച്ച് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. നവംബർ 24 ന് അദ്ദേഹം സ്ഥാനമേൽക്കുകയും 2027 ഫെബ്രുവരി 9 വരെ സേവനമനുഷ്ഠിക്കുകയും ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് ആർ ഗവായിയുടെ വിരമിക്കലിനെതുടര്‍ന്നാണ് പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിക്കുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് നവംബർ 23 ന് 65 വയസ്സ് തികയുന്നതോടെ വിരമിക്കും. ചീഫ് ജസ്റ്റിസ് ഗവായ് ജസ്റ്റിസ് കാന്തിനെ ശുപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. 

1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. ഹിസാറിലെ ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1984 ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി. ഹിസാർ ജില്ലാ കോടതിയിൽ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1985 ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറി. 

പിന്നീട് ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി ചുമതല ഏറ്റു. 2004ൽ അദ്ദേഹത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. 2011ൽ അദ്ദേഹം കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 14 വർഷം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച അദ്ദേഹം 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. 2019 മെയ് 24ന് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി.

Exit mobile version