
ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ഇതുസംബന്ധിച്ച് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. നവംബർ 24 ന് അദ്ദേഹം സ്ഥാനമേൽക്കുകയും 2027 ഫെബ്രുവരി 9 വരെ സേവനമനുഷ്ഠിക്കുകയും ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് ആർ ഗവായിയുടെ വിരമിക്കലിനെതുടര്ന്നാണ് പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിക്കുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് നവംബർ 23 ന് 65 വയസ്സ് തികയുന്നതോടെ വിരമിക്കും. ചീഫ് ജസ്റ്റിസ് ഗവായ് ജസ്റ്റിസ് കാന്തിനെ ശുപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്.
1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. ഹിസാറിലെ ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1984 ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി. ഹിസാർ ജില്ലാ കോടതിയിൽ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1985 ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറി.
പിന്നീട് ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി ചുമതല ഏറ്റു. 2004ൽ അദ്ദേഹത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. 2011ൽ അദ്ദേഹം കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 14 വർഷം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച അദ്ദേഹം 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. 2019 മെയ് 24ന് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.