എന്തോ ഔദാര്യം നല്‍കുന്നുവെന്ന തരത്തിലാണ് കേന്ദ്രം വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിച്ചത്. അത് കേവലം ഒരു ട്രെയിന്‍ ആണെന്ന ബോധ്യമുള്ള മലയാളികള്‍ വലിയ ആശ്ചര്യമൊന്നും കാട്ടിയില്ലെങ്കിലും മോഡീഭക്തരെല്ലാം അതിനെ വാഴ്ത്തിയത് ഏതോ ഒരു പുതിയ കേന്ദ്ര പദ്ധതിയെന്ന നിലയ്ക്കാണ്. ഓടിത്തുടങ്ങിയപ്പോള്‍ മാത്രം അത് വെറും ട്രെയിനാണെന്നും പറഞ്ഞതുപോലെ കേന്ദ്രം മുന്നോട്ടുവച്ച ആഢംബരത്തിനപ്പുറും ചോര്‍ന്നൊലിക്കുന്ന കോച്ചുകളുള്ള ഒന്നാണെെന്നും ചിലര്‍ക്കെങ്കിലും ബോധ്യമായി.
വന്ദേഭാരതും വാസ്തവങ്ങളും
അതിവേഗ ട്രെയിന്‍ യാത്ര വാഗ്ദാനം ചെയ്യുന്ന കേന്ദ്രത്തിന്റെ റയില്‍ പദ്ധതിയാണ് വന്ദേഭാരത്. 2019 മുതല്‍ ഇന്ത്യന്‍ യാത്രികര്‍ക്കിടയിലിറങ്ങിയ വന്ദേഭാരത് ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപൂർ, വാരണാസി, വിശാഖപട്ടം അടക്കമുള്ള നഗരങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവിൽ പത്ത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. തദ്ദേശീയമായി നിർമിച്ചതെന്നാണ് കേന്ദ്രവാദമെങ്കിലും അതല്ലെന്നുള്ള വാര്‍ത്തകള്‍ നേരത്തെ ‘ജനയുഗം’ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാണെന്ന് കേന്ദ്ര സർക്കാർ കൊട്ടിഘോഷിക്കുന്ന വന്ദേഭാരത് തീവണ്ടി റഷ്യന്‍ കമ്പനിയില്‍ നിന്ന് വാങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. 120 വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം, വിതരണം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി റഷ്യ കേന്ദ്രീകരിച്ചുള്ള ട്രാൻസ്മാഷ് ഹോൾഡിങ്ങിന്(ടിഎംഎച്ച്) കരാർ ലഭിച്ചത് റഷ്യൻ വാർത്താ ഏജൻസിയായ ടാസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇത് കെ റെയിലിന് പകരമാണെന്ന അവകാശവാദവും വസ്തുതാപരമല്ല. ദൂരത്തിന്റെയും വേഗതയുടെയും കാര്യത്തില്‍ മാത്രമല്ല നിരക്കിന്റെ കാര്യത്തിലും സാധാരണക്കാരായ സ്ഥിര യാത്രക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നതായിരിക്കില്ല വന്ദേഭാരത്. 1500 രൂപയ്ക്ക് മുകളിലാണ് ചുരുങ്ങിയ യാത്രാ നിരക്കെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഉയര്‍ന്ന ക്ലാസില്‍ അത് 2500 രൂപയ്ക്ക് മുകളിലുമാണ്.
വന്ദേഭാരതിന് വരുമാനം നല്‍കുന്ന കേരളം
രാജ്യത്ത് വന്ദേഭാരതിന് ഏറ്റവും കൂടുതല്‍ വരുമാനം ഉള്ളത് കേരളത്തില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിമാസ കണക്ക് ഇതുവരെയും കേന്ദ്ര റയില്‍വേ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സര്‍വീസ് തുടങ്ങി ആറ് ദിവസമെത്തിയപ്പോള്‍ 1.17 കോടി രൂപ യാത്രാക്കൂലി ഇനത്തില്‍ ലഭിച്ചതായി ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെ വാര്‍ത്തയിലൂടെ പറഞ്ഞു. ഇതേ ദിവസങ്ങളില്‍ രാജ്യത്ത് സര്‍വീസ് നടത്തിയ വന്ദേഭാരത് ട്രെയിനുകളില്‍ നിന്നെല്ലാം ചേര്‍ത്ത് ലഭിച്ചത് 2.7 കോടി രൂപയാണ് എന്നോര്‍ക്കണം.
കാസര്‍കോട്-തിരുവനന്തപുരം എക്സ്പ്രസിന്റെ ശരാശരി ഒക്യുപെന്‍സി നിരക്ക് 183 ശതമാനമാണ്. തൊട്ട് പിന്നിലുള്ള ട്രെനിനു 176 ശതമാനം ആണ് ഒക്യുപെന്‍സി നിരക്ക്. കേരളത്തിന്റെ വന്ദേഭാരതിന് പിന്നിലുള്ളത് ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസാണ്. 134 ശതമാനമാണ് ഒക്യുപെന്‍സി നിരക്ക്. അതായത് ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ നഗരമായ മുംബൈയില്‍ നിന്ന് ഗുജറാത്ത് വരെയുള്ള റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസിനെയും പിന്നിലാക്കിയാണ് കേരളത്തിലെ വന്ദേഭാരതിന്റെ യാത്ര.
വന്ദേഭാരതിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും റയില്‍വേ മന്ത്രാലയവും സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തുന്ന വിധത്തിലാണെന്നുള്ളതും പ്രതിഷേധാര്‍ഹമാണ്. ഓരോ തവണ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുമ്പോഴും പരിഗണിക്കപ്പെടാറില്ല. റയില്‍വേ വികസനം നടപ്പിലാക്കണമെന്നും അതിവേഗ തീവണ്ടികള്‍ അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആദ്യ വന്ദേഭാരത് അനുവദിക്കപ്പെട്ടപോലെ രാഷ്ട്രീയമായി തന്നെ ഈ ആവശ്യത്തെയും കാണുകയാണ്. കേരളത്തിന് പുതിയൊരു വന്ദേഭാരത് അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റാണ് സൂചനകള്‍ തരുന്നത്. എന്നാല്‍ സര്‍ക്കാരിന് കൃത്യമായ മറുപടി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നുമില്ല.
കെ-റെയില്‍ പദ്ധതി പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് കെ റെയിൽ. കേന്ദ്ര റയില്‍വേ മന്ത്രാലയം ആവര്‍ത്തിച്ച് അവഗണിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ട്രെയിന്‍ സംവിധാനത്തിനായി ഇത്തരമൊരു പദ്ധതികൂടിയെ തീരു. ഈ അവസ്ഥയിലും ശത്രുതാമനോഭാവമുള്ള ഒരുകൂട്ടം ആളുകളുണ്ടെന്നുള്ളതാണ് ഏറ്റവും ഖേദകരം. വിഷയം ഇപ്പോള്‍ തുടരുന്ന മണ്‍സൂണ്‍കാല പാര്‍ലമെന്റ് സമ്മേളനത്തില്‍പ്പോലും കെ റെയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പാര്‍ലമെന്റില്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടിയനുസരിച്ച് കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് വീണ്ടും ചലനം വയ്ക്കുന്നു എന്നാണ് മനസിലാവുന്നത്. നിര്‍ത്തിവച്ച കെ റയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ നടപടികള്‍ ആരംഭിക്കാന്‍ ദക്ഷിണ റയിൽവേയ്ക്ക് നിർദേശം നൽകിക്കഴിഞ്ഞെന്നാണ് മന്ത്രി പാര്‍ലമെന്റില്‍ നല്‍കിയിരിക്കുന്ന മറുപടി.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെ റയിലില്‍ നിന്ന് റയില്‍വേ ബോര്‍ഡ് തേടിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ദക്ഷിണ റയില്‍വേക്ക് കേന്ദ്രം കൈമാറിയതായും റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദക്ഷിണ റയില്‍വേക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വിശദമാക്കുകയായിരുന്നു.
എന്താണ് കെ റെയിൽ ?
കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട അർധ-അതിവേഗ റയിൽവേ പദ്ധതിയാണ് സിൽവർലൈൻ. റയിൽവേയുടെയും കേരള സർക്കാരിന്റെയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡാണ് (കെ റെയിൽ) പദ്ധതി നടപ്പാക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ നീളം. ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത്. 20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സർവീസ് നടത്തും. 675 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ളാസുള്ള ഇഎംയു (ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് സര്‍വീസ് നടത്തുക.
റയില്‍വേ ലൈന്‍ പോകുന്ന ഓരോ 500 മീറ്ററിലും അണ്ടര്‍പാസ് ഉണ്ടായിരിക്കും. 11.53 കിമീറ്ററോളം ടണല്‍, 13 കിലോമീറ്റര്‍ റിവര്‍ ക്രോസിങ്, 292.73 കിലോമീറ്റര്‍ എംബാക്മെന്റ്, 88.41 കിലോമീറ്റര്‍ എലവേറ്റഡ് വയഡന്‍സ് എന്നീ പ്രധാന നിര്‍മാണങ്ങള്‍ ഇതിന്റെ ഭാഗമായി വരുന്നുണ്ട്. സങ്കേതികവിദ്യ നല്‍കുന്നത് ജപ്പാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജപ്പാന്‍ ഇന്റര്‍നാഷണൽ കോഓപ്പറേറ്റീവ് ഏജന്‍സി (JAICA) എന്ന കമ്പനിയാണ്.
എന്തിനാണ് കെ റെയിൽ ?
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യാത്ര നാല് മണിക്കൂറായി ചുരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. 560 കിലോമീറ്ററുളള തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യാത്രക്കായി ഇപ്പോൾ ട്രെയിനുകൾ 12 മണിക്കൂറാണ് എടുക്കുന്നത്. നിലവിലെ റയിൽവേ ലൈനിൽ ഇതിൽ കൂടുതൽ വേഗത സ്വീകരിക്കാൻ പല പരിമിതികളുമുണ്ട്. വളവുകളും കയറ്റിറക്കങ്ങളും നിരവധിയുള്ള ഈ വഴിയിലൂടെ മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ കെ റെയിൽ വരുന്നതോടെ ഈ കാത്തിരിപ്പിന് അവസാനമാകും. കേവലം മൂന്നര, നാല് മണിക്കൂറിനുള്ളിൽ കേരളത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കഴിയും. ഇതാണ് പദ്ധതിയുടെ മുഖ്യ ആകർഷണവും.
ഇതിനൊപ്പം പുതിയ റയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ അഞ്ച് പ്രധാന സ്‌റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാന്‍ ഉദ്ദേശ്യമുണ്ട്. അതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും കുറഞ്ഞത് 500,00 തൊഴിലവസരങ്ങളെങ്കിലും സൃഷ്‌ടിക്കാമെന്നും സർക്കാർ പറയുന്നു.
കേരളത്തിലെ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ദേശീയ പാതകളുടെയും അതിവേഗ എക്സ്പ്രസ് ഹൈവേകളുടെയും കാര്യത്തിൽ പരിമിതികളുണ്ട്. അതിനാലാണ് കെ റെയിൽ പോലെയൊരു സംവിധാനം ബദലായി അവതരിപ്പിക്കുന്നത്. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ പാതയും തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ പാതയ്‌ക്ക് സമാന്തരമായുമാണ് കെ റെയില്‍ നിര്‍മിക്കുന്നത്.
പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളികൾ
ഭാവി കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ ഒരു പദ്ധതിയായാണ് സർക്കാർ ഇതിനെ കാണുന്നത്. 11 ജില്ലകളില്‍ നിന്നായി 1126 ഹെക്‌ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും എന്നാണ് ഡിപിആര്‍. ഭൂമി നഷ്‌ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്‌ടപരിഹാരം നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തരമൊരു വലിയ പദ്ധതി വരുമ്പോൾ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന പ്രതികരണത്തെ ആയുധമാക്കി പ്രതിപക്ഷം കളിച്ചത് വെറും കപടനാടകമാണെന്ന് ജനങ്ങള്‍ക്ക് ഇതിനകം ബോധ്യമായിട്ടുമുണ്ട്. നേരത്തെ കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ നെൽവയൽ നികത്തി ബൈപാസ് പാത നിർമ്മിക്കുന്നതിനെതിരെ ആരംഭിച്ച പ്രതിഷേധ സമരം സമാനമായ രീതിയില്‍ ഒരാവേശമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അര്‍ഹരായവരില്‍ കൃത്യമായി എത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവര്‍ക്ക് അവിടെ തോറ്റുമടങ്ങേണ്ടിവന്നു. അന്ന് സമരത്തിന് മുന്‍പന്തിയിലുണ്ടായവരിലേറെയും ഇന്ന് ഇടതുമുന്നണിയുടെ ഭാഗമായി മാറുകയും ചെയ്തുവെന്നതാണ് വാസ്തവം. ഇതുതന്നെയാണ് കെ റെയില്‍ സമരത്തിന്റെ കാര്യത്തിലും സംഭവിക്കുകയെന്ന് വേണം മനസിലാക്കാന്‍.
എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനമാണ് കെ റയിൽ പദ്ധതി. സ്വാഭാവികമായും പ്രകടന പത്രികയിലെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഇടതുമുന്നണി സർക്കാർ ബാധ്യസ്ഥരാണ്. ഇതുവരെ പദ്ധതി ഉപേക്ഷിച്ചിട്ടുമില്ല. ജനങ്ങളുടെ ആശങ്കകളെല്ലാം പരിഹരിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്നാണ് സര്‍ക്കാരും ഇടതുമുന്നണി നേതാക്കളും പറയുന്നത്. ഇതിനിടെ തയ്യാറാക്കിയത് പദ്ധതിയുടെ അലൈൻമെന്റ് മാത്രമായിരുന്നു. എന്നാല്‍ മഞ്ഞക്കുറ്റി സമരം എന്ന പേരില്‍ കോണ്‍ഗ്രസും ബിജെപിയും അതിനെതിരെ ഒരുവിഭാഗം ജനങ്ങളെ ഇറക്കിവിടുകയും ചെയ്തു. മറ്റ് വിഷയങ്ങളൊന്നുമില്ലാതാകുമ്പോള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന കൂട്ടത്തിലൊരു അടിസ്ഥാനമില്ലാത്ത ആരോപണം ആണ് കെ റെയില്‍ വിഷയവും എന്ന് പിന്നീട് സമരത്തിനിറങ്ങിയ സാധാരണക്കാര്‍ക്ക് ബോധ്യമാവുകയും ചെയ്തു.
English Sammury: Distance between K Rail and Vandebharath