തിരുവനന്തപുരം: കലാമണ്ഡലം കല്പിത സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് സാംസ്കാരിക വകുപ്പാണ് പുറത്തിറക്കിയത്. കലാസാംസ്കാരിക രംഗത്ത് പ്രഗത്ഭനായ വ്യക്തിയെ ചാൻസലറാക്കാനാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ ചാൻസലറുടെ ചുമതല പ്രോ ചാൻസലർ വഹിക്കും. കലാമണ്ഡലം കല്പിത സർവകലാശാലയുടെ മെമ്മൊറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരം ചാൻസലറെ നിയമിക്കാനുള്ള അധികാരം സ്പോണ്‍സറിങ് ബോഡിയായ സംസ്ഥാന സർക്കാരിനാണ്. ഈ അധികാരം ഉപയോഗിച്ചാണ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കിയത്.
2015 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ്, ഗവര്‍ണര്‍ പദവിയില്‍ തുടരുന്ന വ്യക്തി ആയിരിക്കും കലാമണ്ഡലം സർവകലാശാലയുടെ ചാൻസലർ എന്ന വ്യവസ്ഥ ഉൾച്ചേർത്തത്. ഇതിൽ ഭേദഗതി വരുത്തിയാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍മാരായി അക്കാദമിക് രംഗത്തെ പ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഭരണഘടനാ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകൾ കൂടി പരിഗണിച്ചായിരുന്നു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ളതാണ് ഓര്‍ഡിനന്‍സ്. 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കംചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന് അനുസൃതമായ തരത്തില്‍ യൂണിവേഴ്സിറ്റികളുടെ പശ്ചാത്തല സൗകര്യവും അക്കാദമിക ഗുണമേന്മയും മികവുറ്റ തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാനാമുഖമായ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചാന്‍സലര്‍മാരായി വിവിധ മേഖലകളില്‍ അതിപ്രഗത്ഭരായ വ്യക്തികളെ നിയമിക്കുന്നത് ഇതിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
English Summary:Kalamandal removed the governor from the post of chancellor
You may also like this video