Site iconSite icon Janayugom Online

കല്ലുവാതുക്കൽ മദ്യദുരന്തം; മണിച്ചന് മോചനം, ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷ അനുഭവിക്കുന്ന മണിച്ചന് മോചനം. പിഴ ഒടുക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാനാകില്ലന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവര്‍ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.
മദ്യദുരന്ത കേസ് പരിഗണിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെയും ആറ്റിങ്ങല്‍ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തില്‍ മണിച്ചന്‍ 30.45 ലക്ഷം രൂപ പിഴ കെട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. വിധി സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്. പിഴ തുക കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
കേസില്‍ ശിക്ഷിക്കപ്പെട്ട വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടയ്ക്കാതെ ജയിലില്‍ നിന്ന് മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. രണ്ടുപേര്‍ക്ക് പിഴ അടയ്ക്കാതെ തന്നെ ജയില്‍ മോചനം സാധ്യമായെങ്കില്‍ മണിച്ചനും അതേ ആനുകൂല്യം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഒരു മനുഷ്യന്റെ കൈയില്‍ പണമില്ലെന്ന് കരുതി എത്രകാലം ജയിലില്‍ പാര്‍പ്പിക്കുമെന്നും സുപ്രീം കോടതി ആരാഞ്ഞു.
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം മണിച്ചനെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കുകയും ഗവര്‍ണര്‍ ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിഴ അടയ്ക്കാത്തതിന്റെ പേരില്‍ ജയില്‍ മോചനം നീളുകയായിരുന്നു.

Eng­lish Sum­ma­ry: Kallu­vathukkal alco­hol dis­as­ter; Supreme Court orders release of accused Manichan
You may also like this video

Exit mobile version