Site iconSite icon Janayugom Online

കല്യാണിയും ദാക്ഷായണിയും ഇനി മോഹിനിയാട്ട ചുവടുകളില്‍

പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവൽ മോഹിനിയാട്ട നൃത്താവിഷ്കാരത്തിലൂടെ അരങ്ങിലെത്തുന്നു. കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതവും അവരുടെ സൗഹൃദവും പോരാട്ടവുമെല്ലാമാണ് നൃത്തരൂപത്തിലൊരുങ്ങുന്നത്. 

പ്രശസ്ത മോഹിനിയാട്ടം നർത്തകിയായ പി സുകന്യ കല്യാണിയായും ദാക്ഷായണിയായി ദേവിക എസ് നായരും മറ്റു കഥാപാത്രങ്ങളായി സൗമ്യ എ ടി, അനാമിക ഇ, റിതുനന്ദ, ആർ ജെ സ്നിഷിത സുനിൽകുമാർ എന്നിവരും വേദിയിൽ എത്തും. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ബി-ഹൈ ആർട്ടിസ്റ്റാണ് പി സുകന്യ. പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിന്റെ സ്വാധീനത്തിൽ നിന്ന് സ്വന്തമായി കൊറിയോഗ്രഫി ചെയ്ത ദ്രൗപദി എന്ന മോഹിനിയാട്ട നൃത്താവിഷ്കാരത്തിന് ശേഷമാണ് കല്യാണിയും ദാക്ഷായണിയും എന്ന മോഹിനിയാട്ട നൃത്താവിഷ്കാരമൊരുക്കുന്നത്. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ബി ഗ്രേഡ് ആർട്ടിസ്റ്റാണ് ദേവിക എസ് നായർ. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ‌്സ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. 

ശ്രാവണിക അമാൽഗമേഷൻ ഓഫ് ആർട്സ് വയലടയാണ് നൃത്തത്തിന്റെ നിർമ്മാണം നിര്‍വഹിച്ചിരിക്കുന്നത്. കൂടുതലായും പുരാണകഥകളെ ചുറ്റിപ്പറ്റി നിന്നിരുന്ന മോഹിനിയാട്ട കഥപറച്ചിലിൽ നിന്ന് മാറി പുത്തൻകാലത്തെ കഥകളെ രംഗത്തെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശ്രാവണിക ഇത്തരമൊരു ഉദ്യമവുമായി രംഗത്തെത്തുന്നതെന്ന് ശ്രാവണിക ആർട്സ് ഡയറക്ടറും കോഴിക്കോട് മീഞ്ചന്ത രാമകൃഷ്ണ മിഷൻ ഹയർ സെക്കന്‍ഡറി സ്കൂൾ അധ്യാപികയുമായ പി സുകന്യ പറഞ്ഞു. നൃത്താവിഷ്കാരത്തിന് ഒന്നര മണിക്കൂറാണ് ദൈർഘ്യം. സ്റ്റേജ് ഡിസൈനിങ് നിർവഹിച്ചത് ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ ടി ദീപേഷും വരികൾ ഒരുക്കിയത് സുരേഷ് നടുവത്തൂരുമാണ്. സംഗീതവും ആലാപനവും ഡോ. ദീപ്ന അരവിന്ദ്. ഈ മാസം 31ന് തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ നൃത്തരൂപം അരങ്ങിലെത്തും. 

Exit mobile version