Site iconSite icon Janayugom Online

ലക്ഷ്യം ഭേദിച്ച് സ്‌കാല്‍പും ഹാമറും സഹായത്തിന് കമികസെ ഡ്രോണുകൾ

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചത് സ്കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളുമെന്ന് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ സൈനിക ആക്രമണത്തില്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്നാണ് സ്കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ വ്യോമസേന തൊടുത്തത്. 

സ്റ്റോം ഷാഡോ എന്നറിയപ്പെടുന്ന യൂറോപ്യന്‍ വ്യോമ ക്രൂയിസ് മിസൈല്‍ ആണ് സ്കാല്‍പ്. 1,300 കിലോഗ്രാം ഭാരമുള്ള ഇതിന് ഉറപ്പുള്ള ബങ്കറുകള്‍, ഭീകരരുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ള സ്കാല്‍പ് മിസൈലിന് കൃത്യത കൈവരിക്കാന്‍ കഴിഞ്ഞത് ഇനേര്‍ഷ്യല്‍ നാവിഗേഷന്‍, ജിപിഎസ്, ടെറൈന്‍ മാപ്പിങ് എന്നിവ സംയോജിപ്പിച്ച നൂതന നാവിഗേഷന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ്. യൂറോപ്യന്‍ പ്രതിരോധ കണ്‍സോര്‍ഷ്യമായ എംബിഡിഎയാണ് ഈ മിസൈല്‍ വികസിപ്പിച്ചത്.

ശക്തമായ ബങ്കറുകളും വെടിക്കോപ്പുകളും നശിപ്പിക്കുന്നതിന് സ്കാല്‍പ് മിസൈല്‍ വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ലക്ഷ്യത്തിനടുത്തെത്തുമ്പോള്‍ മിസൈലിന്റെ ഓണ്‍ബോര്‍ഡ് ഇന്‍ഫ്രാറെഡ് സീക്കര്‍ ലക്ഷ്യസ്ഥാനത്തെ ചിത്രവുമായി പൊരുത്തപ്പെടുന്നു. ഇത് ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ക്കാന്‍ സഹായിക്കുന്നു. മിസൈല്‍ അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് കുതിക്കുന്നത്. ഇതുമൂലം ശത്രുരാജ്യത്തിന്റെ റഡാറില്‍ ശ്രദ്ധയില്‍പ്പെടില്ല എന്ന നേട്ടവുമുണ്ട്. 

ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശക്തി പകരുന്നത് ഹാമര്‍ (High­ly Agile Mod­u­lar Muni­tion Extend­ed Range) ബോംബാണ്. ഇത് പലപ്പോഴും ഗ്ലൈഡ് ബോംബ് എന്നും അറിയപ്പെടുന്നു. 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമറുകള്‍. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമര്‍ 125 മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണ്. ജിപിഎസ്, ഇന്‍ഫ്രാറെഡ് ലേസര്‍ രശ്മികള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അതിന്റെ സഹായത്താല്‍ കൂറ്റന്‍ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാന്‍ സാധിക്കും. റഫാല്‍ വിമാനങ്ങള്‍ക്ക് ഒരേസമയം ആറ് ഹാമറുകള്‍ വരെ വഹിക്കാനാകും.

ഫ്രഞ്ച് പ്രതിരോധ സ്ഥാപനമായ സഫ്രാന്‍ വികസിപ്പിച്ചെടുത്ത ഹാമര്‍ ഇലക്ട്രോണിക് ജാമിങ്ങിനെ പ്രതിരോധിക്കും. 

Exit mobile version