Site iconSite icon Janayugom Online

കാനം രാജേന്ദ്രന്റെ വേർപാട് നികത്താനാകാത്ത നഷ്ടം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. പ്രതിസന്ധികളിൽ പതറാതെയും തളരാതെയും പാർട്ടിയെ നയിച്ച കാനം രാജേന്ദ്രൻ സമാനതകളില്ലാത്ത നേതൃപാടവത്തിനുടമയായിരുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രത്യേകതയെന്തെന്ന് പാർട്ടി കൈക്കൊണ്ട നിലപാടുകളിലൂടെയും കേരളം അനുഭവിച്ചറിഞ്ഞതാണ്. കരുത്തുറ്റ നേതൃത്വം എന്താണെന്ന് കാനം തന്റെ പ്രവർത്തനത്തിലൂടെ കാട്ടിക്കൊടുത്തപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആ നേതൃത്വത്തിനു കീഴിൽ വലിയ മുന്നേറ്റം നടത്താനായി.

കേരളം കണ്ട പ്രഗത്ഭ ട്രേഡ് യൂണിയൻ നേതാക്കളിലൊരാളായിരുന്ന കാനം. അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് കേരളത്തിൽ അനേകായിരങ്ങളുടെ ജീവിതത്തിന് കരുത്തു പകർന്നത് വിസ്മരിക്കാൻ കഴിയുന്നതല്ലെന്നും എക്സിക്യൂട്ടീവ് അംഗീകരിച്ച അനുശോചന പ്രമേയത്തില്‍ പറഞ്ഞു.
നന്നേ ചെറു പ്രായത്തിൽ പൊതുപ്രവർത്തനരംഗത്തും വിദ്യാർത്ഥി, യുവജന, പാർട്ടി രംഗത്തും നേതൃനിരയിലെത്തിയ കാനത്തിന്റെ നേതൃപാടവം നിരവധി തലമുറകളെ ആകർഷിച്ചതും ശ്രദ്ധേയവുമാണ്. കുറച്ചു നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ രോഗം ഭേദമായി വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കീഴടക്കിയത്.
ഇന്ത്യയിലും പുറത്തുമുള്ള ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി രോഗവിവരം ചർച്ച ചെയ്യുകയും ചികിത്സാ കാര്യങ്ങളിൽ വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ മരണ വിവരം അറിഞ്ഞപ്പോൾ അമൃത ആശുപത്രിയിലെത്തുകയും സംസ്കാര ചടങ്ങുകളിൽ പങ്കുകൊള്ളുകയും കുടുംബാംഗങ്ങളേയും പാര്‍ട്ടിപ്രവര്‍ത്തകരേയും ആശ്വസിപ്പിക്കുകയുമുണ്ടായി. അദ്ദേഹത്തിനോടുള്ള കൃതജ്ഞത അറിയിക്കുന്നു.
കാനത്തിന്റെ ജീവൻ രക്ഷിക്കുന്നതിന് വലിയ ശ്രമം നടത്തിയ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരടക്കമുള്ള എല്ലാവരോടും കൃതജ്ഞത അറിയിക്കുന്നു. മരണവിവരം അറിഞ്ഞപ്പോൾ മുതൽ കൊച്ചിയിലെ അമൃത ആശുപത്രി, തിരുവനന്തപുരം പാർട്ടി ആസ്ഥാന മന്ദിരം, വിലാപയാത്ര കടന്നുവന്നയിടങ്ങള്‍, കോട്ടയം ജില്ലാ കൗൺസിൽ ഓഫിസ്, കാനത്തെ വസതി എന്നിവിടങ്ങളില്‍ അനേകായിരങ്ങളാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, എംഎൽഎ മാർ , എംപി മാർ, മറ്റ് ജനപ്രതിനിധികൾ, സിപിഐ കർണാടക- തമിഴ്‌നാട് നേതാക്കൾ, കേരളത്തിലെ രാഷ്ട്രീയ നേതാക്കൻമാർ, സാമൂഹ്യ സാംസ്കാരിക കലാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖർ , മത‑സാമുദായിക സംഘടനകളുടെ നേതൃരംഗത്ത് പ്രവർത്തിക്കുന്നവർ, ആധ്യാത്മിക മേഖലകളിലെ ബഹുമാന്യ വ്യക്തിത്വങ്ങൾ , മാധ്യമസ്ഥാപനങ്ങളുടെ മേധാവികൾ, മാധ്യമ പ്രവർത്തകർ, ഇതിനെല്ലാമൊപ്പം സാധാരണക്കാരായ തൊഴിലാളികളും കർഷകരുമെല്ലാമടങ്ങുന്ന ജനത എന്നിങ്ങനെ കാനത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയവർ അനേകായിരങ്ങളാണ്. ഇവരെല്ലാം പാര്‍ട്ടിയുടെ ദുഃഖത്തിൽ പങ്കാളികളാവുകയായിരുന്നു.
വിലാപയാത്രക്കായി പ്രത്യേകമായി ബസ് തയ്യാറാക്കിത്തന്ന കെഎസ്ആർടിസി, യാത്ര സുഗമമാക്കുന്നതിനും സംസ്കാര ചടങ്ങുകളുൾപ്പെടെയുള്ളയിടങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തു തന്ന സംസ്ഥാന പൊലീസ്, അവിശ്രമം യാത്ര ചെയ്ത് വാർത്തകൾ ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾ എന്നിവരുടെയെല്ലാം സേവനം പ്രത്യേകം സ്മരിക്കുന്നു.
കാനം രാജേന്ദ്രനോടുള്ള ആദരവും സ്നേഹവും താല്പര്യവുമെല്ലാമാണ് ഈ ഇടപെടലുകളിലെല്ലാം കണ്ടത്. സ്വന്തം ജീവിതത്തെ പൂർണമായും സംഘടനാ ജീവിതമാക്കി മാറ്റിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കാനം രാജേന്ദ്രൻ. അചഞ്ചലമായ നിലപാടുകളും പ്രതിബദ്ധതയും കൊണ്ട് രാഷ്ട്രീയ ലോകത്തിന് മാതൃകയായി തീർന്ന മഹത്തായ കമ്മ്യൂണിസ്റ്റ് ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഏറ്റവും സാധാരണക്കാരായ ജനങ്ങളടക്കം അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ വലിയ ജനാവലി ഇതിന്റ നേർസാക്ഷ്യമായിരുന്നു. എല്ലാവരോടും എക്സിക്യൂട്ടീവ് നന്ദി രേഖപ്പെടുത്തി. 

Eng­lish Sum­ma­ry: Kanam Rajen­dran’s depar­ture an irrepara­ble loss: CPI state executive

You may also like this video

Exit mobile version