Site iconSite icon Janayugom Online

ഗവര്‍ണറുടേത് വില കുറഞ്ഞ സമീപനം: കാനം

മുഖ്യമന്ത്രി ഗവർണർക്കയച്ച കത്തുകൾ പ്രസിദ്ധപ്പെടുത്തുമെന്ന ഭീഷണിയൊന്നും വേണ്ടെന്നും അതൊക്കെ വളരെ വിലകുറഞ്ഞ സമീപനമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ടി കെ സുന്ദരൻമാസ്റ്റർ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ ഗവർണർക്ക് അധികാരമില്ല. ഇന്ത്യയിൽ രാജഭരണമല്ല, ജനാധിപത്യമാണ്. ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് സംസ്ഥാന ഗവർണർ നടത്തുന്ന ഇടപെടലുകൾ ജനാധിപത്യത്തിന് അപമാനമാണ്.

ഭരണഘടന നൽകുന്ന അധികാരം ഉപയോഗിക്കാം. ഗവർണർ പദവി തന്നെ ആവശ്യം ഇല്ലെന്നാണ് സിപിഐയുടെ നിലപാട്. ബ്രീട്ടീഷുകാരുടെ സൃഷ്ടിയാണ് ഗവർണർ സ്ഥാനം. നിയമസഭ പാസാക്കുന്ന നിയമനിർമ്മാണ ബില്ലുകളിൽ ഒപ്പിടാനുള്ള ബാധ്യത ഗവർണർക്കുണ്ട്. അതിനു തയാറാകാതെ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ താല്പര്യത്തിനുവേണ്ടി സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിക്കുകയാണ് കേരള ഗവർണർ ചെയ്തു കൊണ്ടിരിക്കുന്നത്. തൊട്ടതിനൊക്കെ വിവാദമുണ്ടാക്കുന്ന ഏർപ്പാടിൽ നിന്ന് സംസ്ഥാന ഗവർണർ പിൻമാറണമെന്ന് കാനം ആവശ്യപ്പെട്ടു. യുഡിഎഫും ബിജെപിയും കേരളത്തിലെ സർക്കാരിനെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപകീർത്തിപ്പെടുത്തുകയാണ്. കേന്ദ്രസഹായം ഇല്ലാതാക്കിയും കേന്ദ്ര ഏജൻസികളെയും ഗവർണറെയും കൂട്ടുപിടിച്ചം ബിജെപി സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ യുഡിഎഫ് അവരെ പിന്തുണയ്ക്കുകയാണെന്ന് കാനം കുറ്റപ്പെടുത്തി.

 

ആര്‍എസ്എസ് നേതാവിനെ കണ്ടതെന്തിനെന്ന് വ്യക്തമാക്കണം: എ കെ ബാലന്‍

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആർഎസ്എസ് നേതാവ് മോഹൻഭാഗവതിനെ കണ്ടത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. തൃശൂരിലെ പ്രാദേശിക നേതാവിന്റെ വീട്ടിൽ നടന്ന സന്ദർശനത്തിന്റെ ലക്ഷ്യമെന്താണെന്ന് കേരള ജനതയ്ക്ക് അറിയാൻ താല്പര്യമുണ്ട്. കേരളത്തിലെ മതേതര മനസിന്റെ മുന്നിൽ ഗവർണറുടെ സന്ദർശനം ചോദ്യചിഹ്നമായി തുടരുകയാണെന്ന് എ കെ ബാലന്‍ പറ‍ഞ്ഞു. ആർഎസ്എസ്, മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും വിമർശിച്ചാൽ മനസിലാക്കാം. അതേ ശൈലി ഗവർണർ സ്വീകരിക്കാൻ പാടില്ലാത്തതാണ്. മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം ശരീരത്തിൽ തന്നെ പതിക്കുമെന്ന് ഗവർണർ ഓർക്കണം. ആർഎസ്എസ് നേതാവുമായുള്ള സന്ദർശനം ഇത്തരം സമീപനങ്ങളോട് ചേർത്തുവായിക്കണം. ഇത് നൽകുന്ന സന്ദേശമെന്താണെന്ന് ഗവർണർ സ്വയം ചിന്തിക്കണം. മതന്യൂനപക്ഷത്തെ ഭൂരിപക്ഷ വർഗീയതയുടെ മുന്നിൽ തളച്ച് കെട്ടുന്നതിനുള്ള ചിന്തയുടെ ഭാഗമാണോ സന്ദർശനമെന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല. മുഖ്യമന്ത്രിക്കെതിരെയോ സർക്കാരിനെതിരെയോ ഒരു രേഖയും ഗവർണറുടെ കൈയ്യിലില്ല. ഭരണഘടനാ വിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ആര്‍എസ്എസ് മേധാവിയുമായി ഗവർണറുടെ കൂടിക്കാഴ്ച വിവാദത്തില്‍

തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു. ഭരണഘടനാ പദവിയിലുള്ള ഗവർണർ ഒരു മത സംഘടനാ നേതാവിനെ അങ്ങോട്ടു പോയി കണ്ടതിനെതിരെ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. തൃശൂർ ആനക്കല്ലിലെ പ്രാദേശിക നേതാവിന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വിമര്‍ശനം ശരി വയ്ക്കുന്നതായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയാറാകാതിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സാധാരണ രാഷ്ട്രീയ നേതാക്കളെ പോലെ വാര്‍ത്താ സമ്മേളനം വിളിക്കുന്നയാളാണ് ഗവര്‍ണര്‍. ആർഎസ്എസ് തിരക്കഥയുടെ ഭാഗമായി സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളൂന്നയിച്ചു കൊണ്ടിരിക്കുന്ന ഗവർണറുടെ ചെയ്തികളോട് നിസ്സംഗതയും മമതയും പുലർത്തുന്ന പ്രതിപക്ഷ നിലപാട് ആത്മഹത്യാപരമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് കുറ്റപ്പെടുത്തി. അതേസമയം ഗവർണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി. കേരളത്തിലെ ഗവർണർ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട്. ഗവർണർ സർക്കാരിന്റെ കണ്ണിലെ കരടായതുകൊണ്ടാണ് എന്തു ചെയ്താലും കുറ്റമാകുന്നെതന്ന് വി മുരളീധരൻ പറഞ്ഞു.

 

Exit mobile version