Site iconSite icon Janayugom Online

കാഞ്ചിയാര്‍ കൊലപാതകം: അനുമോളുടെ ആഭരണങ്ങള്‍ വിജേഷ് പണയംവച്ചതായും പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാഞ്ചിയാര്‍ കൊലപാതകത്തില്‍ വിജേഷ് ഭാര്യ അനുമോളുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചതായും പൊലീസ് കണ്ടെത്തി. നേരത്തെ, അനുമോളുടെ മൊബൈല്‍ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ അനുമോളെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് വിജേഷ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു.

തമിഴ്‌നാട്ടില്‍ നിന്നും കുമളിയില്‍ എത്തിയ വിജേഷിനെ പൊലീസ് പിടികൂടിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ വിജേഷിനെ വരവ് സിസിടിവിയിലൂടെ കണ്ട കുമളി പൊലീസ് തുടര്‍ന്ന് നിരീക്ഷിച്ച് വരികയായിരുന്നു. വെളുത്ത പാന്റ്‌സും, ടീഷര്‍ട്ടും ഇട്ട് വന്ന വിജേഷ് വനത്തില്‍ കയറി വസ്ത്രങ്ങള്‍ മാറി പുറത്തിറങ്ങിയ ഉടനെ തന്നെ കുമളി, കട്ടപ്പ എസ്എച്ച്ഒമാരായ ജോബിന്‍ ആന്റണി, വിശാല്‍ ജോണ്‍സണ്‍ എന്നിവരുടെ നേത്യത്വത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.

 

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേത്യത്വത്തില്‍ രൂപികരിച്ച അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കട്ടപ്പനയില്‍ എത്തിച്ചു. ഇന്ന് രാവിലെ കാഞ്ചിയാറിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. 22നാണ് ഭാര്യയും കാഞ്ചിയാര്‍ സ്‌കൂള്‍ അദ്ധ്യാപികയുമായ വത്സമ്മ (അനുമോള്‍-27)ന്റെ മൃതദ്ദേഹം വീടിലെ കട്ടിലിനടിയില്‍ നിന്നും പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതിനോടകം മുങ്ങിയ കാഞ്ചിയാര്‍ വട്ടമുകളേല്‍ വിജേഷ് ബെന്നി (പക്കു-29) സ്വന്തം മൊബൈല്‍ കുമളിയിലെ വന മേഖലയില്‍ ഉപേക്ഷിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു. കുമളി ഭാഗത്ത് കണ്ടതായി കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമളി ഭാഗത്തുള്ള സിസിടിവികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Exit mobile version