വിദേശത്തുനിന്ന് സ്വര്‍ണം കടത്തുന്നതിനിടെ ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് കന്നഡ നടി രന്യ റാവുവിനെ അറസ്റ്റ് ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക്. പ്രമുഖ രാഷ്ട്രീയ നേതാവിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സൂചനകള്‍. കുറ്റവാളിയുടെ ബന്ധങ്ങളോ സ്വാധീനമോ ഉപയോഗപ്പെടുത്താതെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എ എസ് പൊന്നണ്ണ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ ശക്തമായത്.
ബംഗളൂരുവിലെ ജ്വല്ലറിയില്‍ നിന്നാണ് പിടിച്ചെടുത്ത ആഭരണങ്ങള്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇവ വാങ്ങിയത് ഒരു രാഷ്ട്രീയ നേതാവാണെന്നും ബാക്കിയുള്ളവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താനുള്ള നീക്കം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കേന്ദ്ര ഏജന്‍സിയായ ഡിആര്‍ഐ ആണ് കേസ് അന്വേഷിക്കുന്നത്. വിഷയത്തില്‍ കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസ് ഹൗസിങ് കോർപറേഷന്റെ ചുമതലയുള്ള ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ രണ്ടാംഭാര്യയുടെ മകളാണ് രന്യ. നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ്.
തിങ്കളാഴ്ചയാണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രന്യയെ സ്വർണവുമായി ഡിആർഐ പിടികൂടിയത്. അടുത്ത കാലത്ത് രാജ്യത്ത് ഒരു വ്യക്തി നടത്തിയ ഏറ്റവും വലിയ സ്വർണക്കടത്ത് ആണെന്നാണ് വിലയിരുത്തല്‍. 14.2 കിലോ സ്വർണമാണ് ഇവർ ദേഹത്ത് കെട്ടിവച്ച് കടത്താൻ ശ്രമിച്ചത്. തുടർന്ന് ബംഗളൂരു ലവല്ലെ റോഡിലെ വസതിയിൽ നടത്തിയ റെയ്ഡിൽ 2.1 കോടി രൂപയുടെ ഡിസൈനർ സ്വർണവും 2.7 കോടി രൂപ പണമായും കണ്ടെത്തിയിരുന്നു. പതിനേഴര കോടി രൂപയുടെ സ്വർണമാണ് രന്യയുടെ പക്കൽ നിന്ന് ആകെ പിടികൂടിയത്.
സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 തവണ രന്യ ദുബായ് സന്ദര്‍ശിച്ച് മടങ്ങിയതായാണ് കണക്കുകള്‍. നടിക്കോ ഭര്‍ത്താവ് ജതിന്‍ ഹുക്കേരിക്കോ വിദേശത്ത് അടുത്ത ബന്ധുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും, അടിക്കടിയുള്ള ഗള്‍ഫ് യാത്രകളാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കിയത്. തുടര്‍ന്നാണ് നടിയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.
അതേസമയം തന്നെ ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചതെന്നാണ് രന്യയുടെ മൊഴി. ഒരു കിലോഗ്രാം സ്വർണം കടത്താൻ അഞ്ചുലക്ഷം രൂപ വരെലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കര്‍ണാടകയിലെ ഉന്നത ഐപിഎസ് ഓഫിസറുടെ മകളായതിനാല്‍ പൊലീസ് എസ്‌കോര്‍ട്ടോടെ പരിശോധന ഒഴിവാക്കിയാണ് രന്യ റാവു വിമാനത്താവളത്തില്‍ നിന്നും പുറത്തുകടന്നിരുന്നത്. ബസവരാജ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ നടിയുടെ പെട്ടികള്‍ വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ എത്തിയിരുന്നതായും ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെയും ചോദ്യംചെയ്തുവരികയാണ്. ഡിജിപി രാമചന്ദ്ര റാവുവിനും ജതിന്‍ ഹുക്കേരിക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

