കന്നഡ സിനിമയിലും ഹേമ കമ്മറ്റി വേണമെന്ന മുറവിളിയുമായി ചലച്ചിത്ര പ്രവർത്തകർ. സിനിമയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് കർണാടക സർക്കാരിന് കന്നഡ ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഭീമഹർജി നൽകി. സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട പരാതിയാണ് കൈമാറിയത്.
കന്നഡ ചലച്ചിത്ര മേഖലയിൽ ഉയർന്നുവന്ന സമാന ആരോപണങ്ങൾ സർക്കാർ കമ്മിറ്റിയെവച്ച് അന്വേഷിക്കണമെന്ന് ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതി നൽകിയവരിൽ താരങ്ങളും സംവിധായകരും എഴുത്തുകാരുമുണ്ട്. കേരള സർക്കാർ നിയോഗിച്ച ഹേമാ കമ്മിറ്റിക്ക് സമാനമായി സാൻഡൽവുഡിലെ പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ വേണം കമ്മിറ്റി അന്വേഷണം നടത്തേണ്ടതെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.