Site iconSite icon Janayugom Online

വഴിയരികിൽ മണിക്കൂറുകളായി നിർത്തിയിട്ട് കാരവൻ, എസിയും ഓൺ ; മനോജിന്റെയും ജോയലിന്റെയും മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . ഡ്രൈവർ മലപ്പുറം സ്വദേശി മനോജ്, സഹായി കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത് . ഇവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും .കാരവൻ നിർത്തി ഉറങ്ങാൻ കിടന്നതിനിടെ എസിയിൽ നിന്നുള്ള വാതകം ശ്വസിച്ചതാകാം ഇരുവരുടെയും മരണകാരണമെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ഫൊറൻസിക്, വിരലടയാള വിദഗ്ധർ തുടങ്ങിയവർ ഇന്ന് വിശദമായ പരിശോധന നടത്തും.

മൃതദേഹം കണ്ടെത്തിയപ്പോൾ കാരവനിലുള്ളിലെ എസി ഓണായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ടായിരുന്നു. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയത്. തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വാഹനം ശ്രദ്ധിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. 

ഇന്നലെ രാത്രി ഒൻപതരയോടെയാണ് വടകര കരിമ്പനപ്പാലത്ത് കാരവന്റെ വാതിലിൽ മനോജിനെയും ഉള്ളിൽ ജോയലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലാണ് വാഹനം. പൊന്നാനി റജിസ്ട്രേഷനിലുള്ള കാരവാനാണിത്. തലശേരിയില്‍ ആളുകളെ ഇറക്കിയ ശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു കാരവന്‍ ജീവനക്കാര്‍. രണ്ടു ദിവസങ്ങളായി റോഡിനു വശത്ത് കിടക്കുകയായിരുന്നു കാരവന്‍. പ്രദേശവാസിയായ ഒരാൾ കാരവന്റെ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

Exit mobile version