Site icon Janayugom Online

രാഹുലിനെ ഭയന്ന് കര്‍ണാടക ബിജെപിയും

രാഹുല്‍ ഗാന്ധിയെ തിടുക്കത്തില്‍ അയോഗ്യനാക്കിയതില്‍ കര്‍ണാടക ബിജെപിക്ക് ആശങ്ക. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ രഹുലിനെതിരെയുള്ള കോടതി വിധിയും പാര്‍ലമെന്റ് നടപടിയും വിജയപ്രതീക്ഷയെ ബാധിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം.

രാഹുല്‍ ഗാന്ധി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിറകെ ബിജെപി ദേശീയ നേതൃത്വം ഇക്കാര്യം പറയാതെ പറയുകയും ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നാണ് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് എംപി പറഞ്ഞത്. രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയായി ഇന്ന് രാവിലെയാണ് രവിശങ്കറിന്റെ വാര്‍ത്താസമ്മേളനവും നടന്നത്. രാഹുലിനെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും ബിജെപി നേതാവ് പറഞ്ഞു. ഒരു സമുദായത്തെ രാഹുല്‍ അവഹേളിച്ചുവെന്നും കോടതി ആവശ്യപ്പെട്ടിട്ടും മാപ്പുപറയാന്‍ അദ്ദേഹം തയ്യാറായില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.

കര്‍ണാടകയുടെ ഭീതി ബിജെപി ദേശീയ നേതൃത്വത്തിലേക്ക് എത്തിയെന്നതിന്റെ സൂചനയാണ് രവിശങ്കര്‍ പ്രസാദിന്റെ വാക്കുകള്‍. നിലവില്‍ വലിയ പ്രതിസന്ധികളെയാണ് കര്‍ണാടക ബിജെപി നേരിടുന്നത്. പാര്‍ട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്കും ഭിന്നതയും തെരഞ്ഞെടുപ്പ് പ്രക്രിയയെ ആകെ ബാധിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം കേന്ദ്ര നേതൃത്വത്തിന് തലവേദനയാകുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രി പദത്തില്‍ താന്‍ തുടരുമെന്ന ബസവരാജ് ബൊമ്മെയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നതോടെ പാര്‍ട്ടി തലപ്പത്ത് പൊട്ടിത്തെറിയുണ്ടായി. ബഗല്‍കൊട്ടെയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ബൊമ്മെ സ്വയം സ്ഥാനാര്‍ത്ഥിത്വവും മുഖ്യമന്ത്രി പദവും പ്രഖ്യാപിച്ചത്.

അതേസമയം, കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് തെരഞ്ഞെടുപ്പിനായി നടത്തുന്നത്. മേയ് മാസത്തിലാണ് വോട്ടെടുപ്പെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പോലും നേരത്തെയാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. 224 നിയമസഭാ മണ്ഡലത്തിലേക്കായി 124 പേരുടെ ആദ്യ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ കനകപുരയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയില്‍ നിന്നുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ ചിത്താപുറില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസിലെ മലയാളി നേതാക്കളായ എന്‍ എ ഹാരിസ് ശാന്തിനഗറില്‍ നിന്നും കെ ജെ ജോര്‍ജ് സര്‍വജ്ഞ നഗറില്‍ നിന്നും മത്സരിക്കും.

കര്‍ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ചടുതലയും രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയും തങ്ങള്‍ക്ക് ദോഷമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഇതിനിടെ സംസ്ഥാനത്തെ ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് കലാപന്തരീക്ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ഹിന്ദുത്വ സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടെന്ന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂചനയും ഉണ്ട്.

 

Eng­lish Sam­mury: Kar­nata­ka BJP is afraid of Rahul, There is fear that the Con­gress will gain in the elections

 

Exit mobile version