Site iconSite icon Janayugom Online

കര്‍ണാകടയില്‍ ഭൂ-ഭവനരഹിതര്‍ക്കായി സിപിഐ പ്രക്ഷോഭം

കർണാടകയിലെ ഭവനരഹിതർക്കും ഭൂരഹിതർക്കും സൗജന്യ വീടും ഭൂമിയും നൽകണമെന്നാവശ്യപ്പെട്ട് സിപിഐ കർണാടക സംസ്ഥാന കൗൺസിൽ പ്രക്ഷോഭം ശക്തം. ‘സൂര്യഗാഗി ഹോരാട്ട’ (വീടിനായി പോരാട്ടം) എന്ന മുദ്രാവാക്യമുയര്‍ത്തി ആരംഭിച്ച സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ‘സൂരിഗാഗി കോട്ടി ഹെജ്ജേ’ (വീടിനായി കോടി ചുവടുകള്‍) എന്ന തലക്കെട്ടില്‍ പദയാത്ര സംഘടിപ്പിച്ചു. വലിയ സ്വീകരണമാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് സിപിഐ പ്രക്ഷോഭങ്ങള്‍ക്ക് ലഭിച്ചത്.

സിപിഐ കർണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശിന്റെ നേതൃത്വത്തിൽ ബെല്ലാരിയിൽ നിന്ന് ആരംഭിച്ച പദയാത്ര കോവിഡ് ലോക്ഡൗണ്‍ സമയത്ത് നിര്‍ത്തിവച്ചിരുന്നു. തുംകൂരിൽ നിന്ന് പുനരാരംഭിച്ചാണ് കഴിഞ്ഞ ദിവസം തലസ്ഥാന നഗരമായ ബംഗളുരുവില്‍ വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചത്.

സമാപന പൊതുസമ്മേളനം സിപിഐ പാർലമെന്ററി നേതാവും പാർട്ടി ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. നിസ്വാർത്ഥമായി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ കഴിയുന്ന ഒരേയൊരു പാർട്ടി സിപിഐ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രക്ഷോഭത്തിലൂടെയും സിപിഐ ഉന്നയിക്കുന്നത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളാണ്. കർണാടകയിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതിക്കാരായ ബിജെപിയെ ഭരണത്തില്‍ നിന്നിറക്കാന്‍ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഇതേ ആവശ്യം ഉന്നയിച്ച് കത്ത് വരെ അയച്ചിരുന്നു. എന്നാല്‍ ഇതുവരെ അവര്‍ കത്തിനോട് ക്രിയാത്മകമായി പ്രതികരിച്ചില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഭവനരഹിത ഭൂരഹിത സമിതി പ്രസിഡന്റ് എം സി ഡോൻഗ്രെ അധ്യക്ഷതവഹിച്ചു.

പ്രതിപക്ഷത്തെ ഏകീകരിക്കേണ്ട കോൺഗ്രസിന്റെ പ്രതിബദ്ധതയില്‍ ഞങ്ങൾക്ക് സംശയമുണ്ടെന്ന് പദയാത്രയുടെ ലീഡറായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശ് പറഞ്ഞു. ബിജെപിയുടെ വർഗീയ അജണ്ടയ്ക്കെതിരെ എല്ലാ പ്രതിപക്ഷ ശക്തികളെയും എങ്ങനെ ഒന്നിപ്പിക്കുന്നു എന്ന് ഡിഎംകെയെ കണ്ട് കോണ്‍ഗ്രസ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജാഥയെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചു. വീടില്ലാത്ത, ഭൂരഹിതരായ നിരവധി പേർ വീടിനായി ജാഥയിലൂടെ അപേക്ഷ നൽകി. ആയിരം കിലോമീറ്ററോളം സഞ്ചരിച്ച് ലക്ഷക്കണക്കിനാളുകളുമായി സംവദിച്ചാണ് ജാഥ സമാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വീട് എന്നായിരിക്കും ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ആവശ്യം. സംസ്ഥാനത്തെ അവസാന ഭൂ ഭവനരഹിതനും സർക്കാരിൽ നിന്ന് വീട് കിട്ടുന്നതുവരെ സിപിഐക്ക് വിശ്രമമില്ലെന്നും ജാഥാ ലീഡര്‍ വ്യക്തമാക്കി.

ഡോ. സിദ്ദന ഗൗഡ പാട്ടീൽ, മുൻ സംസ്ഥാന സെക്രട്ടറി പി വി ലോകേഷ്, ദേശീയ കൗണ്‍സില്‍ അംഗം വിജയഭാസ്കർ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ശിവരാജ് ബിരദാർ, ജനാർദൻ, എ ജ്യോതി, സത്യാനന്ദ്, എച്ച് എം സന്തോഷ്, സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം നാഗഭൂഷൻ റാവു, എഐവൈഎഫ് കർണാടക സംസ്ഥാന പ്രസിഡന്റ് ഹരീഷ് ബാല, സിപിഐ ജില്ലാ സെക്രട്ടറിമാർ, ബഹുജന സംഘടനാ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സിപിഐ കേരള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി മുത്തരസന്‍, തെലങ്കാന സംസ്ഥാന സെക്രട്ടറി രാമകൃഷ്ണ എന്നിവരുടെ സന്ദേശങ്ങൾ യൊഗത്തില്‍ വായിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബി അംജദ് സ്വാഗതവും ഭവനരഹിത ഭൂരഹിത സമിതി ട്രഷറർ ധർമരാജ് നന്ദിയും പറഞ്ഞു.

ഭൂരഹിതരുടെ അപേക്ഷയും സിപിഐ നിവേദനവും സര്‍ക്കാരിന് കൈമാറി

ജാഥാ ലീഡര്‍ സാതി സുന്ദരേഷിന്റെ നേതൃത്വത്തിൽ സിപിഐ പ്രതിനിധി സംഘം സംസ്ഥാന ഭവന മന്ത്രിയെയും റവന്യു മന്ത്രിയെയും കണ്ട് നിവേദനവും ഭൂരഹിതരുടെ അപേക്ഷകളും കൈമാറി. കർണാടകയിലെ ആകെ ജനസംഖ്യയുടെ 46.57 ശതമാനത്തോളം ഭൂരഹിതരാണ്. 37 ലക്ഷത്തോളം കുടുംബങ്ങൾക്ക് പാർപ്പിടമോ ഭൂമിയകാശമോ ഇല്ല. രാജീവ് ഗാന്ധി ഹൗസിങ് കോര്‍പറേഷന് കീഴില്‍ മാത്രം 16 ലക്ഷത്തോളം അപേക്ഷകരുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്ത് 50 ലക്ഷത്തോളം വീടില്ലാത്ത കുടുംബങ്ങളുണ്ട്.

സംസ്ഥാന സർക്കാര്‍ തയ്യാറാക്കിയ ഭവന പദ്ധതികളെല്ലാം കടലാസില്‍ മാത്രമാണ്. വിവിധ ഭവന പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് നല്‍കിയ നാമമാത്രമായ വിഹിതം കൊണ്ട് വീടുപണി പൂർത്തിയാക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് പലരും. സംസ്ഥാനത്ത് സര്‍ക്കാര്‍ പദ്ധതിപ്രകാരമുള്ള വീടുകളുടെ മഹാഭൂരിപക്ഷവും പകുതി നിര്‍മ്മാണം നിലച്ചവയാണ്. ലക്ഷക്കണക്കിന് ദരിദ്രരാണ് വീട് പൂര്‍ത്തീകരണത്തിന് പലിശയ്ക്ക് പണം വാങ്ങി കടക്കെണിയിലായിരിക്കുന്നത്. ഇതെല്ലാം സര്‍ക്കാര്‍ ശാസ്ത്രീയവും സാങ്കേതികവുമായ പരിശോധനയിലൂടെ തിട്ടപ്പെടുത്തി പരിഹാരം കാണണമെന്നാണ് സിപിഐ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Eng­lish Sam­mury: CPI will strug­gle will con­tin­ue till every Kan­nadi­gas get hous­ing from the kar­nata­ka government

Exit mobile version