Site icon Janayugom Online

കര്‍ണാടക; കോണ്‍ഗ്രസ് 136, ബിജെപി 65

07.30 pm

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്ന 136 സീറ്റുകളിലെയും ഫലം പ്രഖ്യാപിച്ചു. ബിജെപി 65 സീറ്റുകളിലും വിജയിച്ചു. ജെഡിഎസ് 19 സീറ്റുകളും മറ്റുള്ളവര്‍ നാല് സീറ്റുകളും നേടി. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് ഭരണനിര്‍വഹണത്തിനായി ലഭിക്കേണ്ടത്. 136 എന്ന ഉയര്‍ന്ന സംഖ്യയിലേക്ക് കോണ്‍ഗ്രസ് എത്തിയതോടെ കര്‍ണാടകയില്‍ നടന്നത് ബിജെപിയെയും അവരുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അമ്പരപ്പിക്കുന്ന അട്ടിമറിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നലെ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവയ്ക്കും. രാത്രിയോടെ രാജിക്കത്ത് നൽകുമെന്നാണ് സൂചന. ബിജെപി കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും പ്രചാരണത്തിനെത്തിയിട്ടും ബിജെപിക്ക് കേവല ഭൂരിപക്ഷം തികക്കാനായില്ലെന്ന് ബൊമ്മൈ പറഞ്ഞു.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം നാളെ നടക്കും. ഡി കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും പേരുകളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. സമയക്രമം നിശ്ചയിച്ച് ആദ്യഘട്ടത്തില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനാണ് കൂടുതല്‍ സാധ്യത. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നേതൃപരമായ ചുമതലകളില്‍ ഡി കെ ശിവകുമാറിനെ തീരുമാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിയമസഭയിലേക്ക് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും ജെഡിഎസിനെയും കൂടെ നിര്‍ത്താനാണ് ഡി കെ ശിവകുമാറിന് താല്പര്യം.

06.00 pm

ഫലം പ്രഖ്യാപിച്ചത്: 

കോണ്‍ഗ്രസ് - 132 (136) * ബിജെപി — 63 (64) *  ജെഡിഎസ് — 19 (20) *  മറ്റുള്ളവര്‍ — 04

കോണ്‍ഗ്രസിന് നരേന്ദ്ര മോഡിയുടെയുടെയും എം കെ സ്റ്റാലിന്റെയും അഭിനന്ദനം

കർണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കോണ്‍ഗ്രസ് നേതാക്കളെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഉന്നത നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെ സ്റ്റാലിൻ അഭിവാദ്യം ചെയ്തു. കർണാടകയിലെ കോൺഗ്രസ് പാർട്ടിയുടെ വിജയത്തോടെ ദ്രാവിഡ ഭൂപ്രകൃതിയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കി, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സമാന ചിന്താഗതിയുള്ള പാർട്ടികൾ ഒന്നിക്കണമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.

05.00 pm

ഫലം പ്രഖ്യാപിച്ചത്: കോണ്‍ഗ്രസ് - 129 * ബിജെപി — 61 *  ജെഡിഎസ് — 19  *  മറ്റുള്ളവര്‍ — 04

കന്നടപ്പോരിലെ മലയാളി വിജയം

നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാവ് കെ ജെ ജോര്‍ജ് സര്‍വജ്ഞ നഗറില്‍ നിന്ന് വിജയിച്ചു. ശാന്തിനഗർ മണ്ഡലത്തിൽ നിന്നും മറ്റൊരു മലയാളി കോണ്‍ഗ്രസിലെ തന്നെ എൻ എ ഹാരിസും വിജയം ഉറപ്പിച്ചു. 7125 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹാരിസിന്. കാസര്‍കോട് സ്വദേശിയായ എൻ എ ഹാരിസ് ഇത് നാലാം തവണയാണ് ശാന്തി നഗർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള കോണ്ഗ്രസ് സ്ഥനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ യു ടി ഖാദറും വിജയം ഉറപ്പിച്ചിട്ടുണ്ട്. 82,637 വോട്ടുകളാണ് ഖാദർ സ്വന്തമാക്കിയത്. 22,977 വോട്ടുകളുടെ ഭൂരിപക്ഷമാണ്‌ ഖാദറിനുള്ളത്.

04.30 pm

ഫലം പ്രഖ്യാപിച്ചത്: കോണ്‍ഗ്രസ് - 122 * ബിജെപി — 59 *  ജെഡിഎസ് — 19  *  മറ്റുള്ളവര്‍ — 04

സര്‍ക്കാര്‍ രൂപീകരണ തീരുമാനങ്ങള്‍ വൈകീട്ടെന്ന് ഖാര്‍ഗെ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മികച്ച പ്രകടനം ജനതാ ജനാർദനയുടെ വിജയമാണെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജനങ്ങളാണ് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരണമെന്ന് നിശ്ചയിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് എംഎൽഎമാരോടും ഇന്ന് വൈകുന്നേരത്തോടെ ബംഗളൂരുവില്‍ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ രൂപീകരണത്തിന് ഉചിതമായ തീരുമാനങ്ങളും നടപടിക്രമങ്ങളും വൈകീട്ട് തീരുമാനിക്കാനാവുെമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാൻഡിന്റെ പ്രത്യേക നിരീക്ഷകര്‍ അവിടെയുണ്ടാകും. 

 

03.45 pm

വിജയിച്ചത്:    കോണ്‍ഗ്രസ് - 108 * ബിജെപി — 44ജെഡിഎസ് — 15  *  മറ്റുള്ളവര്‍ — 04

മുന്നേറുന്നത്:   കോണ്‍ഗ്രസ് - 29 * ബിജെപി19 *  ജെഡിഎസ് - 05  * മറ്റുള്ളവര്‍ — 00

ആകെ എണ്ണം: കോണ്‍ഗ്രസ് - 137 * ബിജെപി63 *  ജെഡിഎസ് - 20  * മറ്റുള്ളവര്‍ — 04

വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറന്നു

കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. കോണ്‍ഗ്രസ് പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലായിരുന്നു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ പ്രതികരണമറിയിച്ചത്.

03.20 pm

കോണ്‍ഗ്രസ് — 137 * ബിജെപി — 63ജെഡിഎസ് — 20  *  മറ്റുള്ളവര്‍ — 04

പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബിജെപിയുടെ മോശം പ്രകടനവും ദരിദ്രർക്കിടയിലെ രോഷവും ഉയർത്തിയ കനത്ത ഭരണവിരുദ്ധത, കർണാടകയിൽ കോൺഗ്രസിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചു, അത് മുന്നോട്ടുള്ള പാതയ്ക്ക് വലിയ സൂചന നൽകുന്നുവെന്ന്  ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. തങ്ങള്‍ക്ക് ജനവികാരം മനസിലാക്കാനായില്ല. ദരിദ്രരും ഇടത്തരക്കാരും കോണ്‍ഗ്രസിനൊപ്പം നിന്നു. ഇത്തരം വോട്ടര്‍മാര്‍ സാമ്പത്തിക ആനുകൂല്യങ്ങളും സൗജന്യ വൈദ്യുതിയും വാഗ്ദാനം ചെയ്യുന്ന സര്‍ക്കാരിനെയാണ് ഇഷ്ടപ്പെടുന്നത് എന്നാണ് തോന്നുന്നത് എന്നും ബൊമ്മൈ പറഞ്ഞു.

03.00 pm

കോണ്‍ഗ്രസ് — 138 * ബിജെപി — 62ജെഡിഎസ് — 20  *  മറ്റുള്ളവര്‍ — 04

സിദ്ധരാമയ്യയും ശിവകുമാറും വിജയിച്ചു; ഷെട്ടാര്‍ തോറ്റു

കോണ്‍ഗ്രസിന്റെ മിന്നും താരങ്ങളായ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും വിജയിച്ചു. അതേസമയം സീറ്റ് നിഷേധത്തെ തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെടുകയും ചെയ്തു. മൂന്നു തവണയായി വിജയിച്ചിരുന്ന ഹുബ്ബള്ളി ധാര്‍വാഡ് മണ്ഡലത്തിലാണ് ഇക്കുറിയും ഷെട്ടാര്‍ മത്സരിച്ചത്. 36,000 വോട്ടിന് ബിജെപിയുടെ മഹേഷ് തെന്‍ഗിനക്കായ് ആണ് ഇവിടെ നിന്ന് വിജയിച്ചിരിക്കുന്നത്. കെ സി ജോർജ്, ലക്ഷ്മൺ സാവഡി, പ്രിയങ്ക് ഖാർഗെ, വിജയേന്ദ്ര, എന്‍ ഐ ഹാരിസ്, പുട്ടനയ്യ തുടങ്ങിയവരാണ് വിജയിച്ച മറ്റു പ്രമുഖര്‍.

ഇതുവരെ ഫലം പ്രഖ്യാപിച്ച 113 സീറ്റുകളില്‍ 97 ഇടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 37 സീറ്റുകളില്‍ ബിജെപിയും 14 ഇടത്ത് ജെഡിയുവും വിജയിച്ചു.

02.30 pm

കോണ്‍ഗ്രസ് — 137 * ബിജെപി — 63ജെഡിഎസ് — 20  *  മറ്റുള്ളവര്‍ — 04

കര്‍ണാടകയില്‍ നിറഞ്ഞാടി കോണ്‍ഗ്രസ് 

മഹാവിജയം ഉറപ്പിച്ചുള്ള കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ കര്‍ണാടക ഇളകിമറിയുന്നു. ഉച്ചയോടെ സംസ്ഥാനത്തെങ്ങും ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആനന്ദത്തിലാണ്. കര്‍ണാടക കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രവര്‍ത്തകള്‍ ഒഴുകുകയാണ്. എഐസിസി നേതൃത്വത്തിനും ഡി കെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും സോണിയയുടെയും ഖാര്‍ഗെയുമെല്ലാം പേരുകള്‍ ഊര്‍ജമായി അവരുടെ മുദ്രാവാക്യങ്ങളില്‍ മുഴങ്ങുന്നുണ്ട്.

01.30 pm

കോണ്‍ഗ്രസ് — 133 * ബിജെപി — 65ജെഡിഎസ് — 22  *  മറ്റുള്ളവര്‍ — 04

ഉള്ളില്‍ ചിരിച്ച് യെദ്യൂരപ്പ

കര്‍ണാടക തെരഞ്ഞെടുപ്പ് പോരാട്ടം കനത്തപ്പോള്‍പ്പോലും ബിജെപിയുടെ പ്രചാരണപ്പലകയില്‍ ഒരിടത്തും ബി എസ് യെദ്യൂരപ്പയുടെ പേര് മുന്നില്‍ കണ്ടിരുന്നില്ല. 77 തെരഞ്ഞെടുപ്പ് റാലികളില്‍ യെദ്യൂരപ്പ പങ്കെടുക്കുമെന്ന ഷെഡ്യൂള്‍ പത്രങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ 30 റാലികളില്‍പ്പോലും തികച്ച് പങ്കെടുക്കാന്‍ യെദ്യൂരപ്പ തയ്യാറായില്ലെന്നതാണ് വസ്തുത. മോഡിയും അമിത്ഷായും ആതിദ്യനാഥും പങ്കെടുത്ത യോഗങ്ങളില്‍ നിശ്ചലസാന്നിധ്യമായി അദ്ദേഹം ഒതുങ്ങി. മോഡി-ഷാ-യോഗി ത്രയത്തിന്റെ അടിച്ചമര്‍ത്തല്‍ രാഷ്ട്രീയ തന്ത്രം ബിജെപിയിലും കൊണ്ടുപിടിച്ചു നടക്കുന്നു എന്നതാണ് യെദ്യൂരപ്പയുടെ അവസ്ഥ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ണാടകയിലെ ബിജെപിയുടെ പതനം യെദ്യൂരപ്പയില്‍ തെല്ലെങ്കിലും ആഹ്ലാദം പകര്‍ന്നിട്ടുണ്ടാകണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

01.00 pm

കോണ്‍ഗ്രസ് — 130 * ബിജെപി — 66ജെഡിഎസ് — 22  *  മറ്റുള്ളവര്‍ — 06

തകര്‍ന്നടിഞ്ഞത് നരേന്ദ്രമോഡിയുടെ അഹങ്കാരം 

കര്‍ണാടകയില്‍ ബിജെപിയുടെ മുഖമായിരുന്ന യദ്യൂരപ്പയെപ്പോലും അകറ്റിനിര്‍ത്തി നരേന്ദ്ര മോഡിയും അമിത് ഷായും ആതിഥ്യനാഥും നടത്തിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. കോടികളുടെ പദ്ധതികള്‍ മാസങ്ങള്‍ക്കും മുമ്പ് നടത്തി. ലിംഗായത്തുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയത്തെ വര്‍ഗീയവല്ക്കരിക്കാന്‍ പദ്ധതികളൊരുക്കി. ഡി കെ ശിവകുമാറാണ് കോണ്‍ഗ്രസിന്റെ പടക്കുതിര എന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തിനുനേരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ തിരിച്ചുവിട്ടു. സംസ്ഥാനത്തെ ജനങ്ങളുടെ ഭയവും ആശങ്കയും വര്‍ധിപ്പിക്കും വിധം അക്രമങ്ങളഴിച്ചുവിട്ടു. മുസ്ലിം ജനതയെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കാനും ആട്ടിയോടിക്കാനും ബജറംഗദള്‍ പോലുള്ള അക്രമിക്കൂട്ടങ്ങളെ പിന്തുണച്ചു. അധികാരത്തില്‍ വന്നാല്‍ ബജറംഗദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തെ പുച്ഛിച്ച നരേന്ദ്ര മോഡി, തന്റെ റാലികളിലെല്ലാം ജയ് ബജറംഗ് ബലി മുഴക്കി. ഇരുപതിലേറെ റാലികളിലാണ് മോഡി പങ്കെടുത്തത്. മോഡിയുടെ ആ ജനവിരുദ്ധ കലാപ മുന്നേറ്റത്തിനേറ്റ തിരിച്ചടിയാണ് കര്‍ണാടകയിലെ വോട്ടര്‍മാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

12.30 pm

കോണ്‍ഗ്രസ് — 127 * ബിജെപി — 68ജെഡിഎസ് — 22  *  മറ്റുള്ളവര്‍ — 07

കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞതത്രയും പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായ ഡി കെ ശിവകുമാറാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പും ശിവകുമാറിന്റെ യുദ്ധതന്ത്രങ്ങള്‍ പാലിച്ച് ഒറ്റക്കെട്ടായി മുന്നേറി. ഒരു ഘട്ടത്തില്‍പ്പോലും ശിവകുമാര്‍ സിദ്ധരാമയ്യയെ പിണക്കാനോ പ്രകോപിതനാക്കാനോ ശ്രമിച്ചില്ല. കര്‍ണാടക തിരിച്ചുപിടിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടിറങ്ങി നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളെയാണ് ശിവകുമാര്‍ കോണ്‍ഗ്രസിന്റെ കെട്ടുറപ്പുകൊണ്ട് നേരിട്ടത്. തന്റെ സ്ഥാനാര്‍ത്ഥിത്വവും മണ്ഡലവും വിജയവും അതിലപ്പുറം വിജയിച്ചാല്‍ മുഖ്യമന്ത്രിപദവും മനസില്‍ കണ്ടാണ് പലഘട്ടത്തിലും തുടക്കം മുതല്‍ സിദ്ധരാമയ്യയില്‍ കണ്ടു. അപ്പോഴും ശാന്തനായി ശിവകുമാര്‍ കോണ്‍ഗ്രസിന്റെ തേരുതെളിച്ചു.

12.00 noon

കോണ്‍ഗ്രസ് — 118 * ബിജെപി — 74ജെഡിഎസ് — 25  *  മറ്റുള്ളവര്‍ — 07

വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂറിലേക്ക് പ്രവേശിക്കുമ്പോള്‍ കര്‍ണാടകയുടെ രാഷ്ട്രീയ ചിത്രം വ്യക്തമായിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്യാമ്പ് ചെയ്ത് നടത്തിയ പ്രചാരണങ്ങളെല്ലാം ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിശകലനം. 12 മണിക്ക് വന്ന ഫലമനുസരിച്ച് 118 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 74 സീറ്റുകളിലാണ് ബിജെപിയുടെ ലീഡ് നില. ജെഡിഎസ് 25 സീറ്റിലും മറ്റുള്ളവര്‍ ഏഴ് സീറ്റിലും മുന്നേറുന്നു. എട്ട് റൗണ്ട് വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. 16 റൗണ്ടുകളിലായാണ് ഓരോ മണ്ഡലത്തിലേയും വോട്ടെണ്ണുന്നത്.

അതിനിടെ വിജയസാധ്യത ഉറപ്പാക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോട് ബംഗളൂരുവിലേക്ക് എത്തണമെന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഓപ്പറേഷന്‍ താമരയെ നേരിടാന്‍ കോണ്‍ഗ്രസ് ‘ആന്റി കാച്ചറിങ് സ്ക്വാഡ്’ രൂപീകരിച്ചിട്ടുണ്ട്.

11.00 am

കോണ്‍ഗ്രസ് — 116 * ബിജെപി — 72ജെഡിഎസ് — 27  *  മറ്റുള്ളവര്‍ — 08

കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം. നിലവില്‍ 116 സീറ്റുകള്‍ക്കാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് അനുകൂലമായ ഫലസൂചനകള്‍ പുറത്തുവന്നതോടെ ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ബിജെപി കേന്ദ്രങ്ങളില്‍ നിരാശയാണ്. എൻഡിഎയുടെ എട്ട് മന്ത്രിമാർ പിന്നിലാണ്. കഴിഞ്ഞ തവണ തോറ്റ 20 സീറ്റുകളിൽ കോൺഗ്രസ് ഇത്തവണ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. മുംബൈ കർണാടകയിലും ബംഗളൂരു മേഖലയിലും കിട്ടൂർ കർണാടകയിലും കോൺഗ്രസിന് മികച്ച നേട്ടമാണ്.

2018ല്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പിന്നീട് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചു. 14 മാസത്തിനുശേഷം ബിജെപിയിലേക്കുള്ള കൂട്ട കൂറുമാറ്റത്തിന് ശേഷം സര്‍ക്കാര്‍ വീഴുകയായിരുന്നു. കർണാടകയിൽ ഡി കെ ശിവകുമാറിന്റെ മാജിക് ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് ലഭിക്കേണ്ടത്.

ആദ്യ പ്രതികരണം പവന്‍ ഖേരയുടെ

കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിനിടെ ആദ്യ പ്രതികരണം വന്നത് എഐസിസി വക്താവ് പവന്‍ ഖേരയില്‍ നിന്നാണ്. മോഡിയുടെ ഭിന്നിപ്പിക്കല്‍ ക്യാമ്പയിന്‍ കര്‍ണാടകയില്‍ ഫലിച്ചില്ലെന്ന് പവന്‍ ഖേര പറഞ്ഞു. 224 അംഗ നിയമസഭയില്‍ 130ലധികം സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസിന്റെ നേതാക്കള്‍ തുട‍ര്‍ന്ന് പ്രതികരിച്ചു.

Eng­lish Sam­mury: kar­nata­ka Elec­tion Count­ing news Updating..

Exit mobile version