Site iconSite icon Janayugom Online

കരുവന്നൂർ: ഇഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്തിമ കുറ്റപത്രം സമർപ്പിച്ചു. സിപിഐ(എം)നെ ഉൾപ്പെടുത്തിയിട്ടുള്ള കുറ്റപത്രത്തിൽ തൃശൂർ മുൻ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എംപി, എം എം വർഗീസ് എന്നിവരും പ്രതികളാണ്. അന്തിമ കുറ്റപത്രത്തിൽ പ്രതിയാക്കി കൂട്ടിച്ചേർത്തിട്ടുള്ളവരിൽ എട്ടുപേർ രാഷ്ട്രീയ നേതാക്കളാണ്. 

ആദ്യ കുറ്റപത്രത്തിന് പുറമേ, അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികളുടെ എണ്ണം 83 ആയി. കൊച്ചി പിഎംഎൽഎ കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. സഹകരണ ബാങ്ക് തട്ടിപ്പു വഴി പ്രതികൾ സമ്പാദിച്ചത് 180 കോടി രൂപയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പ്രതികളുടെ സ്വത്തുവകകളിൽ നിന്ന് ഇഡി 128 കോടി രൂപ കണ്ടുകെട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. 

വടക്കാഞ്ചേരി മുനിസിപ്പൽ കൗ­ൺസിലർ മധു അമ്പലപുരം 64-ാം പ്രതിയാണ്. 67-ാം പ്രതിയായി മുൻ മന്ത്രിയും സിപിഐ(എം) മുൻ ജില്ലാ സെക്രട്ടറിയുമായ എ സി മൊയ്തീനെ പ്രതി ചേർത്തിട്ടുണ്ട്. 68-ാം പ്രതിയായിട്ടാണ് സിപിഐ(എം)നെ ഉൾപ്പെടുത്തിയിരിക്കുന്നത്. 69-ാം പ്രതി സിപിഐ(എം) തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം എം വർഗീസാണ്. മുൻ മന്ത്രിയും സിപിഐ(എം) മുൻ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണൻ എംപിയാണ് കേസിൽ 70-ാം പ്രതി.
71-ാം പ്രതിയായി സിപിഐ(എം) പുറത്തുശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ആർ പീതാംബരനെയും ഉള്‍പ്പെടുത്തി. പുറത്തുശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബി രാജുവിനെ 72-ാം പ്രതിയാക്കിയിട്ടുണ്ട്. സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ സി പ്രേമരാജന്‍ 73-ാം പ്രതിയാണ്. കുറ്റപത്രത്തിൽ പി കെ ബിജു, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. സിപിഐ(എം) കൗൺസിലർ അനീപ് ഡേവിസ് കാടയെയും പ്രതി ചേർത്തിട്ടില്ല. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ഇവരെ നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ കരുവന്നൂർ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ സിപിഐമ്മിനെയും പാർട്ടിയുടെ സമുന്നത നേതാക്കളേയും വേട്ടയാടാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ നീക്കം ജനാധിപത്യ മര്യാദകളുടെ സർവപരിധികളും ലംഘിക്കുന്നതാണെന്ന്‌ സിപിഐ (എം) പ്രതികരിച്ചു. രാഷ്‌ട്രീയമായും നിയമപരമായും കള്ളക്കേസുകളെ നേരിടുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.

രാഷ്ട്രീയ പ്രേരിത നടപടി: സിപിഐ 

കരുവന്നൂര്‍ കേസില്‍ ഇഡി നല്‍കിയ കുറ്റപ്പത്രത്തില്‍ സിപിഐ(എം) നേതാക്കളെ പ്രതിചേര്‍ത്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഐ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പോരാട്ടങ്ങള്‍ നടക്കാന്‍ പോകുന്ന സമയത്ത് ഇടതുപക്ഷത്തെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് വളരെ ദുര്‍ബലവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായ വാദങ്ങള്‍ നിരത്തി കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തവും കൃത്യവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ള സമയത്താണ് സിപിഐ(എം) നേതാക്കളെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നത്.
ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിനുശേഷം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുകയാണ്. സുപ്രീം കോടതി തന്നെ ഇഡിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത സന്ദര്‍ഭത്തില്‍, സിപിഐ(എം) നേതാക്കള്‍ക്കെതിരെ കുറ്റപ്പത്രം നല്‍കിയ നടപടിയെ പൊതുസമൂഹം തള്ളിക്കളയണമെന്നും കേവലം രാഷ്ട്രീയലാഭത്തിനുവേണ്ടിയുള്ള ഇത്തരം നീചപ്രവര്‍ത്തനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Exit mobile version