Site iconSite icon Janayugom Online

കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് ചെങ്കൊടി ഉയരും

മലയോരമേഖലയായ വെള്ളരിക്കുണ്ടില്‍ സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്ന് ചെങ്കൊടി ഉയരും. പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക കയ്യൂരില്‍ നിന്നും എഐവൈഎഫ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറിമാരായ എം ശ്രീജിത്ത്, പ്രഭിജിത്ത്, പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി, കൊടിമരം ഏളേരിത്തട്ട് പൊടോര കുഞ്ഞിരാമന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും കിസാന്‍സഭ ജില്ലാ സെക്രട്ടറി കെ കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊണ്ടുവരിക. 

മൂന്ന് ജാഥകളും വൈകിട്ട് മൂന്നിന് വെള്ളരിക്കുണ്ടില്‍ സംഗമിച്ച് ചുവപ്പ് വോളണ്ടിയര്‍ മാര്‍ച്ചോടുകൂടി പൊതുസമ്മേളനം നടക്കുന്ന കാനം രാജേന്ദ്രന്‍ നഗറില്‍ എത്തിച്ചേരും. പതാകകള്‍ സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബുവും എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ടി കൃഷ്ണനും കൊടിമരം സംഘാടക സമിതി കണ്‍വീനര്‍ എം കുമാരനും ഏറ്റുവാങ്ങും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ എസ് കുര്യാക്കോസ് പതാക ഉയര്‍ത്തുന്നതോടെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമാകും. 

പൊതുസമ്മേളനം ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാര്‍ എം പി ഉദ്ഘാടനംചെയ്യും. ബി വി രാജന്‍ നഗറില്‍ (വീനസ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം 12ന് രാവിലെ 10ന് ദേശീയ എക്സിക്യൂട്ടീവംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, മന്ത്രിമാരായ ജി ആര്‍ അനില്‍, പി പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി പി മുരളി, കെ കെ അഷറഫ്, പി വസന്തം, ടി വി ബാലന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 13ന് സമാപിക്കും.

Exit mobile version