ജമ്മു കശ്മീരില്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് പ്രദേശവാസി കൊല്ലപ്പെട്ടു. 44 കാരനായ ഗുലാം റസൂല്‍ മഗ്രെയാണ് മരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംഭവം.
കുപ്‌വാര ജില്ലയിലെ കറന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.
ഗുലാം റസൂലിന്റെ വയറിലും ഇടത് കയ്യിലുമാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം താഴ്‌വരയിൽ അതീവ ജാഗ്രത തുടരുന്നതിനിടെ വീണ്ടും ആക്രമണം ഉണ്ടായത് പ്രദേശ വാസികളില്‍ ആശങ്ക വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം ബന്ദിപ്പോരയില്‍ കശ്മീരി യുവാവിനെ വ്യാജ ഏറ്റുമുട്ടലില്‍ സൈന്യം കൊലപ്പെടുത്തിയതായി കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

