Site iconSite icon Janayugom Online

കസാഖിസ്ഥാന്‍ വിമാനാപകടം; പുടിന്റെ ക്ഷമാപണം

38 പേർ കൊല്ലപ്പെട്ട കസാഖിസ്ഥാന്‍ വിമാനാപകടത്തില്‍ ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. അസര്‍ബെെ‍‍‍ജാന്‍ പ്രസിഡന്റ് ഇൽഹാം അലിയേവിനെയാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. അസർബൈജാന്‍ എയർലൈൻസ് ഗ്രോസ്‌നിയിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ റഷ്യൻ വ്യോമ പ്രതിരോധം സജീവമായിരുന്നുവെന്ന് പുടിന്‍ അലിയേവിനെ അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു ക്ഷമാപണം. റഷ്യൻ വ്യോമാതിർത്തിയിൽ ഉണ്ടായ ദാരുണമായ സംഭവം എന്നാണ് പുടിൻ അപകടത്തെ വിശേഷിപ്പിച്ചത്. ഉക്രെയ്നിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഗ്രോസ്‌നിക്ക് സമീപം വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായിരുന്നതായി ക്രെംലിന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ സ്ഥിരീകരിച്ചിരുന്നു.

അപകട കാരണം ബാഹ്യ ഇടപെടലുകളെന്ന് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് അറിയിച്ചതിനു പിന്നാലെയാണ് ക്രെംലിന്റെ പ്രസ്താവന. വിമാനാപകടത്തിന് സാങ്കേതികവും അല്ലാതെയുമുള്ള ചില ബാഹ്യ ഇടപെടലുകളാണ് കാരണമെന്നാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏത് രീതിയിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്നും എയര്‍ലെെന്‍സ് അറിയിച്ചു. 

ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി റഷ്യ വെടിവച്ചിട്ടതാകാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. റഷ്യന്‍ റിപ്പബ്ലിക്ക് ഓഫ് ചെച്നിയയ്ക്ക് മുകളിലുള്ള വ്യോമ പ്രതിരോധ സംവിധാനത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് ചില വ്യോമയാന വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം ബക്കുവിനും ഗ്രോസ്നിക്കും ഇടയവഴി മാറ്റുകയും അക്താവു വിമാനത്താവളത്തിലേക്ക് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയുമായിരുന്നു. 67 യാത്രക്കാരുമായി പോയ അസര്‍ബൈജാന്റെ എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
42 പേര്‍ അസര്‍ബൈജാന്‍ പൗരന്മാരാണ്. 16 റഷ്യന്‍ പൗരന്മാരും ആറ് കസാഖിസ്ഥാന്‍ പൗരന്‍മാരും മൂന്ന് കിര്‍ഗിസ്ഥാന്‍ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.

Exit mobile version