Site iconSite icon Janayugom Online

കെസിആറും എഐഎംഐഎമ്മും മോഡിയുടെ സ്വന്തം; കേസെല്ലാം പ്രതിപക്ഷനേതാക്കള്‍ക്കെതിരെയെന്ന് രാഹുല്‍

കേന്ദ്ര ഏജൻസികളുടെ ആന്വേഷണം നേരിടുന്നത് പ്രതിപക്ഷ നേതാക്കൾ മാത്രമാണ് രാഹുൽ ഗാന്ധി എംപി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാക്കളുമെല്ലാം പ്രധാനമന്ത്രി സ്വന്തം ആളുകളാണ്. അതുകൊണ്ടാണ് അവര്‍ക്കെതിരെ കേസുകളൊന്നും ഇല്ലാത്തതിന്റെ കാരണമെന്നും തെലങ്കാനയിലെ തുക്കുഗുഡയിൽ നടന്ന റാലിയില്‍ രാഹുൽ ആരോപിച്ചു.

“കെസിആറിനെതിരെ കേസില്ല, എഐഎംഐഎമ്മിനെതിരെ കേസില്ല, പ്രതിപക്ഷത്തെ മാത്രമാണ് കേന്ദ്രം ആക്രമിക്കുന്നത്, മോദിജി ഒരിക്കലും സ്വന്തം ആളുകളെ ആക്രമിക്കാറില്ല, നിങ്ങളുടെ മുഖ്യമന്ത്രിയും എഐഎംഐഎം നേതാക്കളും തന്റെ ആളുകളാണെന്ന് അദ്ദേഹം കരുതുന്നു, അതിനാൽ അവർക്കെതിരെ കേസില്ല”. ബിആർഎസിനെ ‘ബിജെപി ഋഷ്ടേദാർ സമിതി’ എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. രണ്ട് പാർട്ടികളും തമ്മിലുള്ള അടുത്ത ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

“പരസ്പരം വെവ്വേറെ പാർട്ടികൾ എന്ന് വിളിക്കുന്നുണ്ടെങ്കിലും അവർ ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ലോക്‌സഭയിൽ ബിആർഎസ് എംപിമാർ ബിജെപിക്ക് അവരെ ആവശ്യമുള്ളപ്പോൾ പിന്തുണക്കുന്നു. കാർഷിക നിയമങ്ങൾ, ജിഎസ്‌ടി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ എന്നിവയിൽ ബിആർഎസ് ബിജെപിയെ പിന്തുണച്ചതെല്ലാം അതിനു ഉദാഹരണങ്ങളാണ്”. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകുമെന്ന വാഗ്ദാനം കോൺഗ്രസ് പാർട്ടി നിറവേറ്റിയത് കെസിആറിനും കുടുംബത്തിനും വേണ്ടി അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയും എഐഎംഐഎമ്മും എങ്ങനെയൊക്കെ ശ്രമിച്ചാലും അടുത്ത 100 ദിവസത്തിനുള്ളിൽ ബിആർഎസ് സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിലെ ജനങ്ങൾക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ആറ് വാഗ്ദാനങ്ങളെകുറിച്ചും രാഹുൽ ഗാന്ധി വിശദീകരിച്ചു. വീട് നിർമ്മാണത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. സ്ത്രീകൾക്ക് 2500 രൂപ പ്രതിമാസ സ്റ്റൈപ്പൻഡും സൗജന്യ ബസ് യാത്രയും അനുവദിക്കും. 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറും ഗൃഹജ്യോതി പദ്ധതിയിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും കോണ്‍ഗ്രസ് വാദ്ഗാനം ചെയ്യുന്നതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Eng­lish Sam­mury: Rahul Gand­hi says, KCR and AIMIM are Mod­i’s own

Exit mobile version