Site iconSite icon Janayugom Online

കീം: സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍

സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച എൻജിനീയറിങ് റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. റാങ്ക് പട്ടികയിലെ പത്ത് വിദ്യാർത്ഥികളാണ് ഇന്നലെ ഹർജി നല്‍കിയത്. റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ചും ശരിവച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാനവാദം. ഹൈക്കോടതിക്ക് വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പുതിയ റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു.

ഈ വർഷം പ്ലസ് ടു മാർക്ക് പരിഗണിക്കുന്നത് ഒഴിവാക്കി, പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കി റാങ്ക് നിർണയിക്കണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിട്ടുള്ളത്. റാങ്ക് പട്ടികയിൽ കേന്ദ്ര — കേരള സിലബസ് തർക്കം ഒഴിവാക്കാനും എഐസിടിഇ പ്രവേശനത്തിനായി നിർദേശിച്ച നിശ്ചിത സമയക്രമം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 14 വർഷമായി തുടരുന്ന അനീതി അവസാനിപ്പിച്ച പ്രൊസ്പെക്ടസ് ഭേദഗതി പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ സ്വമേധയാ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, തങ്ങളുടെ ഭാഗം കേൾക്കാതെ ഹർജിയിൽ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികളും സുപ്രീംകോടതിയില്‍ തടസ ഹർജി നൽകും.

സര്‍ക്കാര്‍ നിലപാട് നിര്‍ണായകം

കേസ് കോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും. ഓഗസ്റ്റ് 18 നകം പ്രവേശനവുമായി ബന്ധപ്പെട്ടിട്ടുള്ള അലോട്ട്മെന്റ് നടപടികൾ അടക്കം പൂർത്തിയാക്കണം, അതിനാലാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. വിദ്യാർത്ഥികൾ കോടതിയിൽ പോകുന്നെങ്കില്‍ പോകട്ടെ എന്നും സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം, മാർക്ക് സമീകരണത്തിനുള്ള പുതിയ ഫോർമുല അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക ആദ്യം പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയാണ് വിദ്യാർത്ഥികൾക്കുള്ളത്.

Exit mobile version