കാർഷിക ഉല്പന്നങ്ങളുടെ വിലവര്‍ധനവിന്റെ ഫലം കർഷകർക്ക് കൂടുതൽ ലഭ്യമാക്കുകയും കാലാവസ്ഥാ വ്യതിയാനത്തിൽ കർഷകരുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തുകയുമാണ് ‘കേര’ പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ‘കേര’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 40 വർഷങ്ങൾക്ക് ശേഷമാണ് കാർഷിക മേഖലയ്ക്കായി മാത്രം ലോകബാങ്കിന്റെ പിന്തുണയോടെ 2,595 കോടി രൂപയുടെ സമഗ്ര പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്. നെൽകൃഷിക്കായി 336 കോടി രൂപയുടെ പദ്ധതിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കാപ്പി, റബ്ബർ, ഏലം കർഷകർക്കും കേര പദ്ധതിയുടെ ഗുണം ലഭിക്കും. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രയാസം ഒട്ടും ചെറുതല്ല. പ്രകൃതിയെ മനസിലാക്കി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കർഷകരെ മുന്നേറാൻ ഈ പദ്ധതി പ്രാപ്തരാക്കും.
ഇതിനാവശ്യമായ വിജ്ഞാനവും സാങ്കേതികവിദ്യയും ഉറപ്പാക്കാൻ പദ്ധതിയിൽ സംവിധാനങ്ങളുണ്ട്. കേരളത്തിന്റെ കാർഷിക ചരിത്രത്തിന് പുതിയൊരു ദിശാബോധം നൽകുന്നതിനാണ് ഇവിടെ തുടക്കമാകുന്നത്. കർഷകർ നേരിടുന്ന വിളവെടുപ്പാനന്തര നഷ്ടം എന്ന വലിയ പ്രതിസന്ധിയെ അതിജീവിക്കാനും പദ്ധതിയിലൂടെ സാധിക്കും. റബ്ബർ, ഏലം എന്നീ നാണ്യവിള കർഷകർക്കുള്ള പുനർനടീൽ ധനസഹായ വിതരണം, എഫ്‌പിസികളും, എബിപികളും തമ്മിൽ പ്രൊഡക്ടീവ് അലയൻസിനായുള്ള ഉല്പാദക‑വിപണന സഖ്യങ്ങളുടെ കരാർ ഒപ്പുവയ്ക്കൽ, എംഎസ്എംഇ വെബ് പോർട്ടൽ പ്രകാശനം തുടങ്ങിയവ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.

