കേരള ടൂറിസത്തിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. ട്രാവൽ പ്ലസ് ലെയ്ഷർ ഇന്ത്യയുടെ 2025ലെ മികച്ച വെൽനസ് ഡെസ്റ്റിനേഷനായി കേരളത്തെ തിരഞ്ഞെടുത്തു. ഓൺലൈൻ വോട്ടിംഗിലൂടെയാണ് സഞ്ചാരികൾ കേരളത്തെ ഈ അഭിമാനകരമായ നേട്ടത്തിനായി തിരഞ്ഞെടുത്തത്. വെൽനസ് ടൂറിസം മേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണ് ഇതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ആരോഗ്യ‑ആയുർവേദ ടൂറിസത്തിന് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ഈ അവാർഡ് സൂചിപ്പിക്കുന്നത്.
അടുത്തിടെ ബുക്കിങ്.കോം പുറത്തിറക്കിയ 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലും കേരളം തിളങ്ങിയിരുന്നു. ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്ന് കൊച്ചി മാത്രമാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്. തുടർച്ചയായ ഈ അംഗീകാരങ്ങൾ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ്.

