Site iconSite icon Janayugom Online

കേരളബാങ്ക് ഡയറക്ടര്‍ സ്ഥാനം; നിലപാട് കടുപ്പിച്ച് കോൺഗ്രസ്

മുസ്ലിംലീഗ് നേതാവ് പി അബ്ദുൽ ഹമീദ് എംഎൽഎയെ കേരള ബാങ്ക് ഡയറക്ടറാക്കിയ നടപടിയില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. തങ്ങളുടെ അതൃപ്തി ലീഗ് നേതൃത്വത്തെ കെപിസിസി നേതൃത്വം അറിയിച്ചിട്ടുണ്ട്. യുഡിഎഫിലെ ഘടകക്ഷികളെക്കൂടി ഇളക്കിവിട്ട് ലീഗിന്റെ തീരുമാനം മാറ്റിക്കാനുള്ള നീക്കവും കെപിസിസി ആരംഭിച്ചിട്ടുണ്ട്. ലീഗ് എംഎൽഎയെ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ഉള്‍പ്പെടുത്തിയതിനെതിരെ മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വം നേരത്തെതന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. അതെല്ലാം ലീഗ് അവഗണിക്കുകയായിരുന്നു. മുസ്ലിംലീഗ് സ്വീകരിക്കുന്ന നയങ്ങള്‍ പലതും യുഡിഎഫിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുകയാണെന്നും അതിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ മുന്നണി ശിഥിലമാകുമെന്നും ചൂണ്ടിക്കാട്ടി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി നേതൃത്വത്തിന് പരാതി അയച്ചിട്ടുണ്ട്. ചില ഡിസിസികളും ലീഗിനെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. 

എന്നാല്‍ ഇതൊന്നും ഗൗനിക്കേണ്ടെന്നും ബോർഡ് അംഗത്വം ഉപേക്ഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ലീഗിന്റെ നിലപാട്. യുഡിഎഫ് യോഗം വിളിച്ചുചേര്‍ക്കണമെന്നും അതില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കാമെന്നുമാണ് ലീഗ് വ്യക്തമാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിന് പിന്നാലെ ആര്‍എസ്‌പിയും സിഎംപിയും ലീഗിനെതിരെ രംഗത്തുവന്നിരുന്നു. ഈ നീക്കത്തിനു പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് അബ്ദുൾ ഹമീദിനെ അധിക്ഷേപിക്കുന്ന തരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചതിനു പിന്നിലും കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളാണെന്നാണ് ലീഗിന്റെ ആരോപണം. പ്രത്യക്ഷത്തില്‍ രംഗത്തുവരാതെ, ഘടകകക്ഷികളെ ഇളക്കിവിട്ട് മുന്നണിയില്‍ പ്രശ്നമുണ്ടാക്കാനും ഇതിലൂടെ ലീഗിനെക്കൊണ്ട് ഡയറക്ടർബോർഡ് അംഗത്വം രാജിവയ്പിക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കമെന്നാണ് ലീഗ് സംശയിക്കുന്നത്. യുഡിഎഫ് കണ്‍വീനറുടെ പ്രതികരണവും അത്തരത്തിലുള്ളതായിരുന്നു. സഹകരണ ബാങ്ക് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കുന്ന കാര്യം മുന്നണിയില്‍ ചർച്ച ചെയ്യേണ്ടിയിരുന്നുവെന്നാണ് ഘടകകക്ഷികളായ സിഎംപിയും ആര്‍എസ്‌പിയും അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിഷയം യുഡിഎഫിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് വ്യക്തമാക്കി ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തിയത്. 

യുഡിഎഫ് ഘടകകക്ഷികൾ ഈ സർക്കാരിന്റെ ഏതൊക്കെ ബോർഡിലും സ്ഥാപനങ്ങളിലും അംഗങ്ങളായുണ്ട് എന്ന് പരിശോധിച്ചതിന് ശേഷം യുഡിഎഫിൽ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും യുഡിഎഫിന് വിരുദ്ധമായ നയങ്ങൾ മുസ്ലിം ലീഗ് എടുക്കില്ലെന്നുമായിരുന്നു പിഎംഎ സലാമിന്റെ മറുപടി. ആർഎസ്‌പി നേതാവ് സജി ഡി ആനന്ദ് സംസ്ഥാന കശുവണ്ടി കോർപ്പറേഷൻ ഡയറക്ടറായതിനെയും സലാം പരോക്ഷമായി ചൂണ്ടിക്കാട്ടി. ആർഎസ്‌പിയുടെതന്നെ ടി സി വിജയൻ കാപക്സ് ഡയറക്ടറും വേണുഗോപാൽ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പറുമാണ്. ഇതിനിടെ മുതിര്‍ന്ന നേതാവ് കെ പി എ മജീദ് എംഎൽഎയും രംഗത്തെത്തി. പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങൾ 1974ൽ എടുത്ത നിലപാട് ഓർമ്മിപ്പിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മജീദ് നിലപാട് വ്യക്തമാക്കിയത്. ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Ker­ala Bank Direc­tor posi­tion; Con­gress has strength­ened its stance
You may also like this video

Exit mobile version