ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂളുകള്‍ക്കും ബാധകമാക്കി സര്‍ക്കാര്‍. ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഭിന്നശേഷി നിയമനത്തിന് തസ്തികകൾ മാറ്റിവച്ചിട്ടുള്ള മാനേജ്മെന്റുകളിൽ നിലവിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെ ശമ്പള സ്കെയിലിലേക്ക് മാറ്റാൻ വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ നടപടികൾ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ഹർജികളിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഏറെക്കാലമായി നിലനിന്നിരുന്ന നിയമപരമായ സങ്കീർണതകൾക്കും അധ്യാപകരുടെ ആശങ്കകൾക്കും ശാശ്വത പരിഹാരം കാണുന്ന സുപ്രധാനമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതിന്റെ ആനുകൂല്യം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 20000ത്തിലധികം അധ്യാപകർക്ക് ലഭിക്കും. അവരുടെ നിയമന തീയതിമുതൽ തന്നെ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കും. നിയമനാംഗീകാരം പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭിന്നശേഷി നിയമപ്രകാരമുള്ള സംവരണം എയ്ഡഡ് സ്കൂളുകളില്‍ നടപ്പിലാക്കുന്നതില്‍ വലിയ കാലതാമസമുണ്ടായ സാഹചര്യത്തിലാണ്, 2022 ഹൈക്കോടതി സിംഗിൾ ബെഞ്ച് 1996 മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കാൻ ഉത്തരവിട്ടത്. ഇത് നിലവിലുള്ള ആയിരക്കണക്കിന് അധ്യാപകരുടെ നിയമനത്തെ ബാധിക്കുമെന്നതിനാൽ സർക്കാർ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് വിധി വന്നതോടെ 2021ന് ശേഷം നിയമിതരായവർക്ക് ദിവസവേതനം മാത്രമായി ശമ്പളം ചുരുങ്ങി. എന്നാൽ എൻഎസ്എസ് നൽകിയ കേസിൽ സുപ്രീം കോടതി, ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ട് ബാക്കിയുള്ളവർക്ക് അപ്രൂവൽ നൽകാൻ ഉത്തരവിട്ടു. ഈ വിധിന്യായം മറ്റ് സമാന മാനേജ്മെന്റുകൾക്കും ബാധകമാക്കോമോ എന്ന് നിയമോപദേശം അന്ന് തേടിയെങ്കിലും അനുകൂലമായ ഉപദേശമല്ല സര്‍ക്കാരിന് ലഭിച്ചത്. ഈ വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തന്നെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ കേസ് ഏപ്രിൽ 14ലേക്ക് വീണ്ടും മാറ്റുകയാണുണ്ടായത്.
അധ്യാപകർ വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് നീതിയല്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. സുപ്രീം കോടതിയുടെ നിർദേശാനുസരണം രൂപീകരിച്ച ജില്ലാതല സമിതികൾ മുഖേനയുള്ള നിയമനത്തിന്റെ ആദ്യഘട്ടം ജനുവരി 24ന് പൂർത്തിയായി രണ്ടാംഘട്ടം ആരംഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍, സുപ്രീം കോടതിയിൽ നിന്ന് എൻഎസ്എസിനു ലഭിച്ച വിധിന്യായത്തിന്റെ ആനുകൂല്യം മറ്റു സമാന മാനേജമെന്റുകൾക്കും നൽകുന്ന കാര്യത്തിലുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സർക്കാർ ഒരിക്കൽ കൂടി തേടുകയായിരുന്നു. സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, ജയന്ത് മുത്തുജ് എന്നിവരുമായി ഈ വിഷയം സ്റ്റാന്റിങ് കൗൺസിൽ ചർച്ച ചെയ്തു. സുപ്രീം കോടതിയിൽ നിലനിൽക്കുന്ന സ്പെഷ്യൽ ലീവ് പെറ്റീഷനുകളുടെ ഫലത്തിന് വിധേയമായി, ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിത തസ്തികകൾ മാറ്റി വച്ചിട്ടുള്ള മറ്റ് മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളിലും താൽക്കാലികമായി ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് സീനിയർ അഭിഭാഷകർ അഭിപ്രായപ്പെട്ടു.
എന്നാൽ സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷനുകൾ സമർപ്പിച്ച 442 അധ്യാപകരുടെ റെഗുലറൈസേഷൻ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരെ നിർത്തി വയ്ക്കേണ്ടതാണെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. കാരണം അവർ സംസ്ഥാന സർക്കാരിന്റെ റെഗുലറൈസേഷൻ നിർദ്ദേശത്തെ എതിർത്തിരുന്നു. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ ഈ അധ്യാപകരെ റെഗുലറൈസ് ചെയ്യുന്നത് കോടതിയലക്ഷ്യത്തിന് തുല്യമായിരിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

