കൃഷി വകുപ്പ് രൂപീകരിച്ച കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ എന്നീ ബ്രാൻഡുകൾ കൃഷിമന്ത്രി പി പ്രസാദ് പുറത്തിറക്കി. സംസ്ഥാനത്തെ വിവിധ ഫാമുകൾ, കൃഷികൂട്ടങ്ങൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുടെ വിവിധ ഉല്പന്നങ്ങൾ, നടീൽ വസ്തുക്കൾ, മൂല്യവർധിത ഉല്പന്നങ്ങൾ എന്നിവ ഗുണമേന്മ ഉറപ്പുവരുത്തി വിപണിയിലെത്തിക്കുന്നതിനാണ് ബ്രാന്റുകള്‍ പുറത്തിറക്കിയത്. മൂല്യവർധനവിലൂടെ കർഷകരുടെ വരുമാനം കൂട്ടുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളിൽ കൃഷിവകുപ്പിന്റെ പുതിയ കാൽവയ്പാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണസാധനങ്ങളുടെ ഉല്പാദനത്തില്‍ രാസകീടനാശിനികളുടെയും മറ്റും ഉപയോഗത്തിലൂടെ വിഷം കലരുന്നെന്ന ആശങ്കയകറ്റാനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള കാർഷികോല്പന്നങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുമാണ് കേരളഗ്രോ ബ്രാൻഡ് കൃഷിവകുപ്പ് അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ഭാഗ്യശ്രീ ഓർഗാനിക് ഫാം, പാലക്കാട് അട്ടപ്പാടിയിലെ അറ്റ്ഫാം കർഷക ഉല്പാദക കമ്പനി, തൃശൂർ അതിരപ്പള്ളി ട്രൈബൽ വില്ലേജ് കർഷക ഉല്പാദക കമ്പനി എന്നിവിടങ്ങളിൽ നിന്നുള്ള 26 ഉല്പന്നങ്ങളാണ് രണ്ട് ബ്രാൻഡുകളിലായി വിപണിയിലെത്തിയത്. എല്ലാ ജില്ലകളിലെയും എല്ലാ കേരളഗ്രോ സ്റ്റോറുകളിലൂടെ ഉല്പന്നങ്ങൾ ലഭ്യമാകും. ആരോറൂട്ട് വാൽനട്ട്, ആരോറൂട്ട് ബനാന, ആരോറൂട്ട് ബദാം, ആരോറൂട്ട് ക്യാഷ്യു, ആരോറൂട്ട് പിസ്താഷ്യോസ് എന്നീ ഉല്പന്നങ്ങളാണ് ഭാഗ്യശ്രീ ഓർഗാനിക് ഫാം ഉല്പാദിപ്പിക്കുന്നത്. ലിറ്റിൽ മില്ലറ്റ്, ഫോക്സ് ടെയിൽ മില്ലറ്റ്, റാഗി പുട്ടുപൊടി, റാഗി ദോശ മിക്സ്, ബജ്റ പൊടി, ബജ്റ ദോശ മിക്സ്, സ്വർഗം ഗ്രെയിൻസ്, ബജ്റ ഗ്രെയിൻ, റാഗി പൗഡർ, പ്രോസോ മില്ലറ്റ് എന്നിവയാണ് അറ്റ്ഫാം പാലക്കാട് ഉല്പാദിപ്പിക്കുന്നത്.
ഈ 15 ഉല്പന്നങ്ങളും കേരളഗ്രോ ഓർഗാനിക്കായി ബ്രാൻഡ് ചെയ്തിട്ടുണ്ട്. കുരുമുളക് (100 എംഎല്‍), കുരുമുളക് പൊടി, കുരുമുളക് (200 എംഎല്‍), കാപ്പിപ്പൊടി, വറുത്ത കാപ്പിക്കുരു, ഈസ്റ്റ് ഇന്ത്യൻ ആരോറൂട്ട് സ്റ്റാർച്ച്, മഞ്ഞക്കൂവ റോപൗഡർ, കുടംപുളി, ബ്ലാക്ക് ഡാമർ, മഞ്ഞൾ എന്നിവയാണ് അതിരപ്പള്ളി ട്രൈബൽ വാലി എഫ്‍പിഒ ഉല്പാദിപ്പിക്കുന്നത്. കൃഷി ഡയറക്ടർ ഡോ. അദീല അബ്ദുളള അധ്യക്ഷയായി. അഡീഷണൽ ഡയറക്ടർ സുനിൽ എ ജെ, ജോയിന്റ് ഡയറക്ടർ മിനി സി എൽ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ നിസാം എസ് എ തുടങ്ങിയവര്‍ പങ്കെടുത്തു.