Site iconSite icon Janayugom Online

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗുമായി കേരളം

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് സംഘടിപ്പിക്കുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളജ് ലീഗ് ആരംഭിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും. ഉന്നതവിദ്യാഭ്യാസ- കായിക വകുപ്പ് മന്ത്രിമാര്‍ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സ്പോര്‍ട്സ് ലീഗ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ കോളജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതൽ ആറു മാസം വരെ നീളുന്ന ലീഗാണ് നടത്തുക. ഇതിന്റെ ഭാഗമായി എല്ലാ കോളജുകളിലും സ്പോർട്സ് ക്ലബ് തുടങ്ങും. സ്പോർട്സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാ തല കമ്മിറ്റികൾ ഉണ്ടാകും. കമ്മിറ്റിയിൽ കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്പോർട്‌സ് കൗൺസിൽ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുൻതാരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കായിക മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാൻസലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണ നിർവഹണ സമിതി. പ്രൊഫഷണൽ ലീഗുകളുടെ മാതൃകയിൽ ഹോം ആന്റ് എവേ മത്സരങ്ങളാണ് നടക്കുക. ജില്ലാതല സമിതികളാണ് കോളജ് ലീഗിനുള്ള ടീമുകളെ തെരഞ്ഞെടുക്കുക. ഓരോ മേഖലയിൽ നിന്നും മുന്നിലെത്തുന്ന നാല് ടീമുകൾ സംസ്ഥാന ലീഗിൽ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകൾ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങൾ നിരീക്ഷിക്കാൻ പ്രൊഫഷണൽ ലീഗിൽ നിന്നുള്ള വിദഗ്ധരും പ്രൊഫഷണൽ കളിക്കാരും എത്തും.

മികച്ച കായിക സംസ്‌കാരം വാർത്തെടുക്കുന്നതിനൊപ്പം കോളജുകളിലെ അടിസ്ഥാന സൗകര്യവികസനം കൂടി ലക്ഷ്യമിട്ടാണ് കോളേജ് ലീഗിന് തുടക്കമിടുന്നത്. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും. സ്പോർട്‌സ് ക്ലബുകൾക്ക് ഭാവിയിൽ സ്വന്തം നിലയിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കോളജുകളെ വഴിയൊരുക്കും. കോളജ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പൊഫഷണൽ ലീഗിലേക്കും വഴിയൊരുങ്ങും. സംസ്ഥാന കായിക മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

കായിക മേഖലയിൽ രണ്ടായിരത്തി നാന്നൂറുകോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കിക്കഴിഞ്ഞു. കാമ്പസുകളിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കുന്നതിനാണ് ഇനി ഊന്നൽ. കോളജ് സ്പോർട്സ് ലീഗ് ആരംഭിക്കുന്നതോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കോളജുകളിലും കായിക അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനാകും. കോഴിക്കോട് സർവകലാശാല പുതിയ സ്റ്റേഡിയത്തിന് സ്ഥലം അനുവദിച്ച് സിൻഡിക്കേറ്റിന് കത്ത് നൽകി. 500 കോടി രൂപ ചെലവിൽ രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ 150 കോടി രൂപ സർക്കാർ വിഹിതം നൽകും. ബാക്കി സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കും. ഇത്തരത്തിൽ മേഖലയിലെ വളർച്ചയിലൂടെ കായിക സമ്പദ് വ്യവസ്ഥക്ക് രൂപംകൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അക്കാദമിക പ്രവർത്തനങ്ങളേയും പരീക്ഷയേയും യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലാണ് കോളജ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് മന്ത്രി ബിന്ദു പറഞ്ഞു. സർവകലാശാലകളിലേയും കോളജുകളിലേയും വിദ്യാർത്ഥികൾക്ക് കായിക മേഖലയിൽ സജീവകാനാകും. സ്പോർട്സ് മെഡിസിൻ, സ്പോർട്സ് എൻജിനീയറിങ്, സ്പോർട്സ് മാനേജിങ് രംഗങ്ങളിൽ മികച്ച സാധ്യതകളാണ് മുന്നിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മത്സരങ്ങളുടെ ഘടന ഇങ്ങനെ ( ബോക്സ് )

* ജില്ലാതല ലീഗ്

14 ജില്ലകളിൽ നിന്ന് നാല് ടീമുകളെ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ലീഗിലേക്ക് തെരഞ്ഞെടുക്കും.

* സോണൽ ലെവൽ ലീഗ്

14 ജില്ലകളില്‍ നിന്നുള്ള ജില്ലാ ലീഗ് വിജയികളെ നാല് സോണുകളായി തിരിക്കും. കെടിയു, ഹെൽത്ത് സർവകലാശാലകളിൽ നിന്ന് രണ്ട് വൈൽഡ് കാർഡ് എൻട്രികളും ഉണ്ടാകും.

സോണ്‍ ഒന്ന് : കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്
സോൺ രണ്ട് : പാലക്കാട്, തൃശൂർ, മലപ്പുറം
സോൺ മൂന്ന് : എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി
സോണ്‍ നാല് : കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട

* 14 ജില്ലാ ലീഗ്/ നാല് സോണൽ ലീഗുകൾ

* ഓരോ ലീഗിലും 12 മത്സരങ്ങൾ
* ആകെ 168 മത്സരങ്ങൾ (ജില്ലാ ലീഗ്)/48 മത്സരങ്ങൾ (സോണൽ ലീഗ്)
* സംസ്ഥാനതല ലീഗ്
* നാല് ക്ലസ്റ്റർ വിജയികളുടെ നോക്കൗട്ട് ഫോർമാറ്റ്.
* സെമി ഫൈനൽ 1
* സെമി ഫൈനൽ 2
* ഫൈനൽ

Exit mobile version