Site iconSite icon Janayugom Online

എ ഐ പഠനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കേരളം

നിര്‍മ്മിതബുദ്ധിയെക്കുറിച്ച് അറിയാന്‍ കുട്ടികള്‍ക്ക് ഇനി പാഠപുസ്തകങ്ങള്‍ മതി. സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാല് ലക്ഷത്തിലധികം കുട്ടികൾ പുതിയ അധ്യയന വർഷത്തിൽ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി (ഐസിടി) പാഠപുസ്തകത്തിലൂടെ നിര്‍മ്മിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എ ഐ പ്രോഗ്രാം കുട്ടികൾ സ്വയം തയ്യാറാക്കുന്ന വിധമാണ് ‘കമ്പ്യൂട്ടർ വിഷൻ’ എന്ന അധ്യായത്തിലെ പ്രവർത്തനം. കുട്ടികൾ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് വരെ ഭാവങ്ങൾ തിരിച്ചറിയാൻ കമ്പ്യൂട്ടറിന് സാധിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേപോലെ എ ഐ പഠിക്കാൻ അവസരം ലഭിക്കുന്നത്. 

ഈ അധ്യയന വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലേയ്ക്കാണ് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലായി പുതിയ ഐസിടി പുസ്തകങ്ങളെത്തുന്നത്. കുട്ടിയുടെ കാര്യകാരണ ചിന്ത, വിശകലന ശേഷി, പ്രശ്ന നിർധാരണശേഷി എന്നിവ വികസിപ്പിക്കുന്നത് അവരുടെ സർവതോന്മുഖമായ വികാസത്തെ സ്വാധീനിക്കും എന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ പരാമർശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് യുക്തിചിന്ത, പ്രോഗ്രാമിംഗ് അഭിരുചി വളർത്തൽ എന്നിവയ്ക്ക് പ്രത്യേക പരിഗണന പ്രൈമറി തലത്തിലെ ഐസിടി പാഠപുസ്തകങ്ങളിൽ നൽകിയിട്ടുള്ളത്. സ്ക്രാച്ചിൽ വിഷ്വൽ പ്രോഗ്രാമിംഗ് പഠിച്ച് മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിംഗ്, എ ഐ , റോബോട്ടിക്സ് തുടങ്ങിയവ പരിശീലിക്കാൻ സമാനമായ ‘പിക്റ്റോബ്ലോക്ക്’ പാക്കേജാണ്, പാഠപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ആവശ്യമായ മുഴുവൻ സോഫ്‍റ്റ്‍‌വേറുകളും കൈറ്റ് സ്കൂളുകളിലെ ലാപ്‍ടോപ്പുകളിൽ ലഭ്യമാക്കും. 

ഒന്ന്, മൂന്ന് ക്ലാസുകളിലേയ്ക്കുള്ള പുതിയ ഐസിടി പാഠപുസ്തകത്തിൽ ചിത്രരചന, വായന, അക്ഷരശേഷി, സംഖ്യാബോധം, ചതുഷ്ക്രിയകൾ, താളം തുടങ്ങിയവ ഉൾപ്പെടുന്ന ജികോബ്രിസ്, എജ്യൂആക്ടിവേറ്റ്, ഒമ്നിടെക്സ്, ടക്സ്പെയിന്റ് തുടങ്ങിയ സ്വതന്ത്ര സോഫ്‍റ്റ്‍‌വേര്‍ അധിഷ്ഠിത എഡ്യൂക്കേഷൻ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ, വേസ്റ്റ് ചലഞ്ച് ആപ്ലിക്കേഷനുകളിലൂടെ ട്രാഫിക് നിയമങ്ങൾ, മാലിന്യ നിർമ്മാർജനം തുടങ്ങിയവ ഗെയിമുകളിലൂടെ കുട്ടികൾ പരിചയപ്പെടുന്നു. ലാംഗ്വേജ് ലാബുകളും പുതിയ പാഠപുസ്തകത്തിലുണ്ടെന്ന് ഐസിടി പാഠപുസ്തക സമിതി ചെയർമാനും കൈറ്റ് സിഇഒ യുമായ കെ അൻവർ സാദത്ത് പറഞ്ഞു. പുതിയ ഐസിടി പാഠപുസ്തകങ്ങളിൽ മുഴുവൻ പ്രൈമറി അധ്യാപകർക്കും പരിശീലനം ജൂണില്‍ ആരംഭിക്കും. അടുത്ത വർഷം രണ്ട്, നാല്, ആറ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകൾക്ക് പുതിയ ഐസിടി പാഠപുസ്തകങ്ങൾ വരും. അധ്യാപകർക്കുള്ള എഐ പരിശീലനം 20120 അധ്യാപകർ പൂർത്തിയാക്കിയിട്ടുണ്ട്. 

Eng­lish Summary:Kerala has includ­ed AI stud­ies in the textbook
You may also like this video

Exit mobile version