Site icon Janayugom Online

കേരളം സമ്പൂര്‍ണ ഇ ഗവേണന്‍സ് സംസ്ഥാനം: മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) അടുത്ത മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കെ-ഫോൺ യാഥാർത്ഥ്യമാകുന്നതോടെ നമ്മുടെ ഇന്റർനെറ്റ് സാന്ദ്രതയിൽ വർധനവുണ്ടാകും. അതോടെ ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളും സർക്കാരുകളും തമ്മിലുള്ള ബന്ധം ദൃഢമാകാന്‍ ഇത് സഹായിക്കുമെന്നും’ കേരളം സമ്പൂർണ ഇ‑ഗവേണൻസ് സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തവെ മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സൃഷ്ടിക്ക് ശക്തമായ അടിത്തറ പാകുന്ന ഒന്നായി സമ്പൂർണ ഇ‑ഗവേണൻസ് മാറും. ജനങ്ങൾ സർക്കാർ ഓഫിസുകളിലേക്ക് എന്നതിനുപകരം സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എന്നതാണ് സർക്കാർ നയം. അതിന്റെ ഭാഗമായാണ് ഇ‑ഗവേണൻസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത്. സാങ്കേതികവിദ്യകളും അവയിൽ അധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കിൽ സമൂഹത്തിലെ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൊതുസ്ഥലങ്ങളിൽ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവിൽ 2,000 ത്തിലധികം ഹോട്ട്സ്പോട്ടുകൾ തയ്യാറായിക്കഴിഞ്ഞു. 2,000 ഹോട്ട്സ്പോട്ടുകൾ കൂടി ഒരുങ്ങുകയാണ്. ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കാനായി ബന്ധപ്പെട്ട ഈ അടിസ്ഥാന സൗകര്യവികസന പദ്ധതികളെല്ലാം തന്നെ ഇ‑ഗവേണൻസ് സംവിധാനങ്ങൾ ജനങ്ങൾക്കു പ്രാപ്യമാക്കാനും സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കും. ഇ‑സേവനം പോർട്ടൽ മുഖേന നിലവിൽ 900 ത്തോളം സർക്കാർ സേവനങ്ങൾ ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിപാടിയില്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു, ഐടി വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽകർ, സംസ്ഥാന ഐടി മിഷൻ ഡയറക്ടർ അനുകുമാരി എന്നിവർ പങ്കെടുത്തു.

Eng­lish Summary;Kerala is a ful­ly e‑governance state: Chief Minister

You may also like this video

Exit mobile version