Site iconSite icon Janayugom Online

കേരളം ലോകത്തിനു തന്നെ മാതൃക; അടിത്തറ മുതൽ പാർട്ടിയുടെ പ്രവർത്തനം വിപുലീകരിക്കും: സീതാറാം യച്ചൂരി

അടിത്തറ മുതൽ പാർട്ടിയുടെ പ്രവർത്തനം വിപുലീകരിക്കുമെന്ന് സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പാർട്ടി ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കണ്ണൂരിൽ നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി സംസാരിക്കുന്ന സംസ്‌ഥാനങ്ങളിൽ ജനങ്ങളിലേക്കിറങ്ങിച്ചെന്ന്‌  പാർട്ടി പ്രവർത്തനം  വിപുലമാക്കും. ആദ്യപടിയായി ആ സംസ്‌ഥാനങ്ങളിലെ പാർട്ടി സെക്രട്ടറിമാരുടെ യോഗം ഉടനെ ചേരും.

ജനങ്ങൾക്കിടയിൽ  മതപരമായും ജാതീയമായും ധ്രുവീകരണം നടത്താനാണ്‌ ഫാസിസ്‌റ്റ്‌ ശക്‌തികൾ ശ്രമിക്കുന്നത്‌.   അവിടങ്ങളിൽ ഉയർന്നു വരുന്ന സാധാരണക്കാരുടെ ജീവൽപ്രശ്‌നങ്ങളെ  അടിച്ചമർത്തുകയാണ്‌. ആ വിഷയങ്ങൾ പാർട്ടി ഏറ്റെടുക്കും. അതിനായി അടിത്തറ മുതൽ  പ്രവർത്തനം വിപുലീകരിക്കും.

വർഗീയ ധ്രുവീകരണത്തിനെതിരെ രാഷ്‌ട്രീയമായും ആശയപരമായും സാംസ്‌കാരികപരമായും ഇടപെടലുകൾ വേണ്ടിവരും. വടക്കൻ സംസ്‌ഥാനങ്ങളിൽ മാത്രമല്ല വർഗീയത വേഗത്തിൽ  പിടിമുറുക്കുന്ന ആസാം പോലെയുള്ള  വടക്ക്‌ കിഴക്കൻ സംസ്‌ഥാനങ്ങളിലും ഇടപെടൽ ശക്‌തമാക്കും. സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക- സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും.

കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ നടത്തിയ കർഷക സമരത്തിൽ ശക്‌തമായ ഇടപെടലിന്‌ സാധിച്ചു. ഡൽഹിയിൽ നടന്ന സമരങ്ങൾക്ക്‌ മുൻപ് തന്നെ നാസികിൽനിന്ന്‌ മുംബൈയിലേക്ക്‌ സംഘടിപ്പിച്ച ലോങ്ങ്മാർച്ച്‌ വൻ വിജയമായിരുന്നു. കർഷക സംഘടനകളുടെ ഏകോപനം സാധ്യമാക്കിയ വലിയ പോരാട്ടമായിരുന്നു അതെന്നും യച്ചൂരി പറഞ്ഞു.

കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി. സംസ്ഥാനത്ത് വികസനം കൊണ്ടുവരേണ്ടതിന്റെ ചുമതല സംസ്ഥാന സർക്കാരിനുണ്ട്. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിനു സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണു സിപിഎം എതിർപ്പ് പ്രകടിപ്പിക്കുന്നത്.  സിൽവർലൈനുമായി അതിനെ താരതമ്യം ചെയ്യാനാവില്ല.

കേരളത്തിന്റെ വികസനങ്ങൾക്ക് ആവശ്യമായ പദ്ധതിയാണത്. കേരളത്തിന്റെ സമഗ്രമായ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. കെ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ തീരുമാനിക്കുന്നതേയുള്ളൂവെന്നും പാരിസ്ഥിതികാഘാത പഠനം നടത്തേണ്ടിയിരിക്കുന്നുവെന്നും യച്ചൂരി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഇടതുപക്ഷ സർക്കാർ ദേശീയ ബദലിന് മാതൃകയാണ്. എൽഡിഎഫ് ഭരണത്തിലുള്ള കേരളം രാജ്യത്തിനു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയാണ്. രാജ്യത്ത്‌ ഇടതുപക്ഷ ജനാധിപത്യ ബദൽ സാധ്യമാക്കാനുള്ള ശ്രമം തുടരുമെന്നും മതേതരസഖ്യം ശക്‌തമാക്കുമെന്നും സീതാറാം യച്ചൂരി കൂട്ടിച്ചേർത്തു.

Eng­lish summary;Kerala is a mod­el for the world; Sitaram Yachuri

You may also like this video;

Exit mobile version