Site iconSite icon Janayugom Online

ഒരു തരത്തിലുള്ള കമ്മീഷനും ഇല്ലാത്ത സംസ്ഥാനമാണ് കേരളം : മുഖ്യമന്ത്രി പിണറായി വിജയന്‍

CMCM

അഴിമതിയുടെ കാര്യത്തിൽ മന്ത്രിസഭയിലെ ഒരാൾക്കും ആരുടെയെങ്കിലും മുന്നിൽ തലകുനിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മിഷന്റെ ഒരു തരത്തിലുള്ള ഏർപ്പാടുമില്ലാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെങ്കിൽ എന്തുവന്നാലും അതിനെയെല്ലാം തലയുയർത്തി നേരിടാനാകും. അല്ലെങ്കിൽ തല താനേ താഴ്ന്നുപോകും. ആ അവസ്ഥ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കവടിയാറില്‍ റവന്യു ഭവന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർത്തിയാണ് അഴിമതിക്കിടയാക്കുന്നത്. പണത്തിന്റെ പിന്നാലെ പോകാനുള്ള ത്വര ഉണ്ടാകരുത്. അങ്ങനെയായാല്‍ മനസമാധാനം നഷ്ടപ്പെടും. സ്വയം കുറ്റവാളിയാണെന്ന ചിന്ത വന്നാലെ മനസമാധാനം തകരൂ. ന്യായമായ ആവശ്യങ്ങൾക്ക് വരുന്നവരോട് പണം ആവശ്യപ്പെടുന്ന നിലയിലേക്ക് അധഃപതിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ജനങ്ങളെ സേവിക്കുന്ന കാര്യത്തിൽ വഴിവിട്ട നടപടികൾ ഉണ്ടാകരുത്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര് കേരളത്തിനുണ്ട്. പക്ഷേ അതുകൊണ്ട് മാത്രം തൃപ്തരാകാൻ കഴിയില്ല. തീർത്തും ഇല്ലാതാക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സ്ഥിതി എല്ലാ തലങ്ങളിലേക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നത്‌ ഏതു തമ്പുരാനായാലും അത് പിടിച്ചെടുത്ത്‌ പാവങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. ലാന്റ്‌ ബോർഡിലെ കേസുകൾ തീർപ്പാക്കി 562 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു. സംസ്ഥാനത്ത്‌ 2,12,000 ഹെക്ടർ ഭൂമിയിലെ ഡിജിറ്റൽ സർവേ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. കവടിയാറിൽ മൂന്നു നിലകളിലായി 34,000 ചതുരശ്രയടിയിലാണ്‌ റവന്യു ഭവൻ നിർമ്മിക്കുന്നത്‌. ഊരാളുങ്കലിനാണ്‌ നിർമ്മാണ ചുമതല. ഒരു വർഷത്തിനുള്ളിൽ കെട്ടിടം പൂർത്തിയാക്കും.

25 കോടിയാണ്‌ നിർമ്മാണച്ചെലവ്‌. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, വി കെ പ്രശാന്ത്‌ എംഎൽഎ, കൗൺസിലർ എസ്‌ സതികുമാരി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ, കളക്ടർ ജെറോമിക്‌ ജോർജ്‌, ലാന്റ്‌ റവന്യു കമ്മിഷണർ ഡോ. എ കൗശിഗൻ എന്നിവർ സംസാരിച്ചു.

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സമയബന്ധിതമായി

അർഹതപ്പെട്ടവർക്കെല്ലാം പട്ടയം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ ഭൂരഹിതരുടെ കണക്ക് വിവിധ രീതിയിൽ ശേഖരിക്കുകയാണ്. നടപടികൾ പൂർത്തിയായാൽ ഭൂരഹിതർക്കെല്ലാം ഭൂമി നൽകാനും അവരെയെല്ലാം ഭൂമിയുടെ ഉടമകളാക്കാനും കഴിയും. ഭൂമിയുടെ കാര്യത്തിൽ ഏറ്റവും വിഷമം അനുഭവിക്കുന്നത് പട്ടിക വർഗ വിഭാഗമാണ്. കഴിഞ്ഞ സർക്കാർ 7,000ത്തോളം ആദിവാസികൾക്ക് ഭൂമി നൽകി. 6,000 ഏക്കർ ഭൂമയാണ് ഇവർക്കായി വിതരണം ചെയ്തത്. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം വിവിധ ജില്ലകളിലായി 45 ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. ഇവ ആദിവാസി കുടുംബങ്ങൾക്ക് നൽകും. 21 ഏക്കർ ഭൂമി കൂടി വാങ്ങുന്നതിന് നടപടി പൂർത്തിയായിട്ടുണ്ട്. ഇതിന് പുറമേ 7,693 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാനുള്ള കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 2000 ഏക്കർ വിതരണം ചെയ്ത് കഴിഞ്ഞു. 3647 ആദിവാസികൾക്കാണ് ഗുണഫലം കിട്ടിയത്.

Eng­lish Summary;Kerala is a state with­out any kind of com­mis­sion: Chief Min­is­ter Pinarayi Vijayan
You may also like this video

Exit mobile version