Site iconSite icon Janayugom Online

വർഗീയതയെ ചെറുക്കുന്നതിൽ കേരളം മാതൃക: തുഷാർ ഗാന്ധി

വർഗീയതയെ ചെറുത്ത്‌ തോൽപ്പിക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന്‌ മഹാത്മാഗാന്ധിയുടെ പ്രപൗത്രനും ചിന്തകനുമായ തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു. ആലുവയിൽ സർവ്വമത സമ്മേളനത്തിന്റെ ശതാബ്‌ദിയുടെ ഭാഗമായി സിപിഐ സംഘടിപ്പിച്ച സ്‌മൃതിസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം അതീവജാഗ്രത പുലർത്തണമെന്നും നേരിയ വ്യതിയാനം സംഭവിച്ചാൽ പോലും വലിയ വിപത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

വസ്ത്രങ്ങളുടെയും ശരീരത്തിലണിയുന്ന മറ്റ് ചിഹ്നങ്ങളുടെയും പേരിൽ ഓരോരുത്തരുടെയും മതം തിരിച്ചറിയാവുന്ന അവസ്ഥയാണ് ഇന്നും മതേതര ഇന്ത്യയിലുള്ളത്. മതാചാരങ്ങളെ പിന്തുടർന്നിരുന്ന ഗാന്ധിജി തന്റെ വിശ്വാസങ്ങളെ പ്രചാരണായുധമാക്കിയിരുന്നില്ല. ഇന്ന് എല്ലാ മതങ്ങളും കച്ചവടസ്ഥാപനങ്ങളായി മാറി. മതസ്ഥാപനങ്ങളിൽ കോടികളുടെ കച്ചവടമാണ് നടക്കുന്നത്. മതമെന്നത് ഓരോരുത്തരുടെയും സ്വകാര്യതയാകണം. എന്നാൽ ഇന്ന് മതങ്ങൾ മനുഷ്യർക്കിടയിൽ വെറുപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. മനുഷ്യന്റെ വേദനകളും മറ്റും പരിഹരിക്കാനുള്ള ഇടപെടലുകളാണ് മതങ്ങൾ നടത്തേണ്ടത്. മനുഷ്യരെ വെറുക്കാൻ പഠിപ്പിക്കുന്ന മതങ്ങളോട് പോരാടി അവസാനം താനൊരു അവിശ്വാസിയായി മാറിയെന്നും തുഷാർ ഗാന്ധി പറഞ്ഞു. 

ശുചിത്വം പാലിക്കാനുള്ള നിർദേശങ്ങൾ പ്രചരിപ്പിക്കേണ്ടവർ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു. അവനവന്റെ ഉള്ളിലുള്ള രാമനെയും രാവണനെയും തിരിച്ചറിയാൻ കഴിയുകയെന്നതിന് ഹിന്ദു മതം പ്രാമുഖ്യം നൽകണം. ആചാരങ്ങളുടെ പേരിലുള്ള വെച്ചുകെട്ടലുകളെ നിരാകരിക്കണമെന്നും തുഷാർ ആവശ്യപ്പെട്ടു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. 

Exit mobile version