Site icon Janayugom Online

വാക്സിനേഷനില്‍ കേരളം ഏറെ മുന്നില്‍

കേരളത്തിലെ വാക്സിനേഷൻ ദേശീയ ശരാശരിയേക്കാളും വളരെ മുന്നില്‍. രാജ്യത്തെ ആകെ വാക്സിനേഷൻ ഒന്നാം ഡോസ് 40.08 ശതമാനവും, രണ്ടാം ഡോസ് 12.06 ശതമാനവുമാണ്. എന്നാല്‍ സംസ്ഥാനത്ത് 60.94 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും, 22.57 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സിൻ നൽകി. 27.84 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ആകെ 2,95,62,691 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 100 ശതമാനം ആദ്യ ഡോസും, 87 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേർക്ക് ഒന്നാം ഡോസും, 48 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകിയിട്ടുണ്ട്.


ഇതുംകൂടി വായിക്കൂ;കോവിഡ് വാക്സിൻ കേരളത്തിലെത്തി


ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മാത്രം 1.95 കോടിയിലധികം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഓഗസ്റ്റിൽ മാത്രം 88 ലക്ഷത്തിലധികം ഡോസ് നൽകി. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകിയും കേരളം മാതൃകയായി. 60 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നൽകാനായി പ്രത്യേക യജ്ഞം സംഘടിപ്പിച്ചു. വാക്സിൻ രജിസ്റ്റർ ചെയ്യാനറിയാത്തവരെ കൂടി ഉൾപ്പെടുത്തി വാക്സിൻ സമത്വത്തിനായി വേവ് ക്യാമ്പെയിനും ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചവും ആവിഷ്ക്കരിച്ച് നടപ്പിലാക്കി.


ഇതുംകൂടി വായിക്കൂ;സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് വാക്‌സിന്‍ എത്തി; വാക്സിനേഷൻ പൂർവ്വസ്ഥിതിയിലേക്ക്


പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ഈ മാസം തന്നെ ആദ്യ ഡോസ് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ കേന്ദ്രത്തോട് കൂടുതൽ വാക്സിൻ നൽകാൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
eng­lish summary;Kerala is far ahead in vaccination
you may also like this video;

Exit mobile version