Site iconSite icon Janayugom Online

പോഷണ്‍ അഭിയാൻ ഫണ്ട് വിനിയോഗത്തില്‍ കേരളം മുന്നില്‍

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ‘പോഷണ്‍ അഭിയാൻ’ ഫണ്ട് വിനിയോഗത്തില്‍ കേരളം മുന്നിലെന്ന് നിതി ആയോഗ്. 2020 അവസാനത്തോടെ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ചത് കേരളത്തിലും (58 ശതമാനം), ഏറ്റവും കുറവ് ഒഡിഷയിലുമാണ് (എട്ട് ശതമാനം). ചെറിയ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നാഗാലാൻഡിലും(87 ശതമാനം), ഏറ്റവും കുറവ് അരുണാചൽ പ്രദേശിലുമാണ് (ഒമ്പത് ശതമാനം). കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയാണ് മുന്നില്‍. യഥാക്രമം 65, 22 ശതമാനം. 2018 ലാണ് ദേശീയതലത്തില്‍ പോഷകാഹാരക്കുറവിനെതിരെയുള്ള ദൗത്യമായി ‘പോഷണ്‍’ (പ്രധാനമന്ത്രി സമഗ്ര പോഷകാഹാര പദ്ധതി) അഭിയാൻ ആരംഭിച്ചത്. 

ഒരു കുട്ടിയുടെ ജനനത്തിന്റെ ആദ്യ 1,000 ദിവസം പോഷകാഹാര ഇടപെടലുകൾക്ക് മറ്റ് പദ്ധതികളുമായും സേവനങ്ങളുമായും ചേര്‍ന്ന് ഐസിഡിഎസിന് കീഴിലുള്ള ഒരു പദ്ധതിയാണ് പോഷണ്‍. പദ്ധതിക്ക് കീഴില്‍ 15 സംസ്ഥാനങ്ങൾ ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫ് (എഎൻഎം) തസ്തികകളിൽ 75 ശതമാനത്തിലധികം നികത്തിയിട്ടുണ്ടെന്നും പഞ്ചാബിന്റെ ഡാറ്റ ലഭ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു. ഒഡിഷ 100 ശതമാനം തസ്തികകളും നികത്തിയപ്പോള്‍ ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ത്രിപുര, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് എഎൻഎം നിയമനം നടന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യ മേഖലയിലെ ദേശീയ പദ്ധതികൾ നടപ്പിലാക്കുന്നതില്‍ കേരളം മുന്നിലാണെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയും ജ്യോഗ്രഫിക് ഇൻസൈറ്റ്സ് ലാബും ചേര്‍ന്ന് നടത്തിയ പഠന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ദേശീയ ആരോഗ്യ സർവേ വിവരങ്ങളും പ്രധാനപ്പെട്ട അഞ്ച് ദേശീയ പദ്ധതികളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. 

2022 ല്‍ വിളർച്ച ബാധിതരുടെ നിരക്ക് 32 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘അനീമിയ മുക്ത് ഭാരത്’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, എല്ലാകുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ ‘ഇന്ദ്രധനുഷ്’, ‘പോഷൺ അഭിയാൻ’, ഗർഭിണികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി ‘മാതൃ വന്ദന യോജന’ എന്നീ പദ്ധതികളാണ് പഠനത്തിനായി വിശകലനം ചെയ്തത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ കുട്ടികളിലും സ്ത്രീകളിലും വിളർച്ച കുറവാണ്. ബിഹാർ, ഝാർഖണ്ഡ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ചത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് വിളർച്ച കൂടുതൽ. ലഡാക്കിലും ജമ്മു-കശ്മീരിലും വിളർച്ച ബാധിതരുടെ എണ്ണം കൂടുതലാണ്. അതുപോലെ വിളർച്ച നേരിടുന്നതിനായുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിലും കേരളം മുന്നിലാണ്. കേരളത്തെ കൂടാതെ മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളും പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ വിളർച്ച നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളായ ഗുജറാത്തും ബിഹാറും ഝാർഖണ്ഡും പദ്ധതികൾ നടപ്പിലാക്കുന്നതിലും പിന്നിലാണെന്ന് പഠനത്തിൽ പറയുന്നു.

Eng­lish Summary:Kerala is lead­ing in the uti­liza­tion of Poshan Abhiyaan funds
You may also like this video

Exit mobile version