Site iconSite icon Janayugom Online

വൈജ്ഞാനിക സമൂഹമെന്ന ലക്ഷ്യത്തിലേക്കു കേരളം നീങ്ങുന്നു: മുഖ്യമന്ത്രി

അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും സമൂഹത്തിലേക്കു തിരികെക്കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ പ്രതിരോധിക്കാൻ വായനയിലൂടെ ആർജിക്കുന്ന വിജ്ഞാനം ഒഴിച്ചുകൂടാന്‍ ആകാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അറിവിന്റെ സാർവത്രിക വിതരണം നടപ്പാക്കുകവഴി സമൂഹത്തേയും വ്യക്തിയേയും നവീകരിക്കാൻ സാധിക്കും. ഈ ആശയം കൂടുതൽ കരുത്തോടെ നടപ്പാക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ പുരോഗമനത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ സ്വാധീനം വലുതാണ്. സമത്വത്തിലും സാഹോദര്യത്തിലും ഊന്നിയ കാഴ്ചപ്പാട് സമൂഹത്തിൽ വളർത്തിയെടുക്കുന്നതിൽ ഗ്രന്ഥശാലകൾ വലിയ പങ്കുവഹിച്ചു. ഈ കാഴ്ചപ്പാടാണു ദേശീയ പ്രസ്ഥാനങ്ങൾക്കും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും കരുത്തുപകർന്നത്. ശാസ്ത്രാവബോധമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത ഭരണഘടനതന്നെ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ ആശയം തലമുറകളിലേക്കു പകർന്നുനൽകാനുള്ള ഉപാധിയെന്ന നിലയാണു വായന പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. യാത്രകളിൽ പുസ്തകങ്ങൾ കൊണ്ടുനടക്കുന്ന രീതിക്കു വിരാമമായി. വിവരങ്ങൾ പുസ്തകങ്ങളായും വാർത്തകളായും നമ്മുടെ വിരൽത്തുമ്പിലുണ്ട്. ഇ റീഡിങ്ങിനെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചു. വൈജ്ഞാനിക സമൂഹമെന്ന ലക്ഷ്യത്തിലേക്കു കേരളം നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രപതിക്ക് തലസ്ഥാനത്ത് ഊഷ്മള വരവേൽപ്പ്

തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തലസ്ഥാനത്ത് ഊഷ്മള വരവേൽപ്പ്. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, എയർമാർഷൽ ജെ ചലാപതി, ഡിജിപി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽകുമാർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

പൂജപ്പുരയിൽ ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കു പുറമേ പി ജെ കുര്യൻ, പന്ന്യൻ രവീന്ദ്രൻ, എൻ ബാലഗോപാൽ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായിരുന്നു. ചടങ്ങിനു ശേഷം രാജ്ഭവനിലേക്കു തിരിച്ച രാഷ്ട്രപതി വൈകിട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്നു രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം ഇന്ന് രാവിലെ 10.20നു തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഡൽഹിക്കു മടങ്ങും.

ENGLISH SUMMARY:Kerala is mov­ing towards the goal of a knowl­edge soci­ety: CM
You may also like this video

Exit mobile version