Site iconSite icon Janayugom Online

മിശിഹായെ വരവേല്‍ക്കാനൊരുങ്ങി കേരളം; അര്‍ജന്റീന ടീം മാനേജര്‍ ഇന്ന് കൊച്ചിയില്‍

ഫുട്ബോളിന്റെ മിശിഹായുടെയും ലോക ചാംപ്യന്മാരായ അർജന്റീന ടീമിന്റെയും വരവിനായി കാത്തിരിക്കുകയാണ് മലയാളമണ്ണ്. ചരിത്രമാകാന്‍ പോകുന്ന ആ വരവിന്റെ മുന്നോടിയായി അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് 12 മണിക്ക് കൊച്ചിയിലെത്തും. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിക്കുന്നതിനൊപ്പം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അർജന്റീന ടീം മാനേജർ വിലയിരുത്തുന്നതിനാണ് വരവ്. ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും.

അർജന്റീന ടീമിന്റെ കേരളത്തിലെ താമസസൗകര്യത്തിൽ കൂടിക്കാഴ്ചയില്‍ തീരുമാനമാനമെടുക്കും. മെസ്സിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും മത്സരം എവിയാണ് നടക്കുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിരുന്നില്ല. ദിവസങ്ങൾക്ക് മുൻ‌പാണ് അർജന്റീന ഫുട്ബോൾ‌ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയിൽ നടക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ മത്സരം  തീരുമാനിച്ചിരുന്നത്.  ചില അസൗകര്യങ്ങളാൽ പിന്നീട് കൊച്ചിയിലെ ജവഹർലാൽ‌ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version