പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ബുക്കിങ് ഡോട്ട് കോമിന്റെ 13ാമത് വാര്‍ഷിക ട്രാവലര്‍ റിവ്യൂ അവാര്‍ഡ്സ് 2025 ല്‍ ഇന്ത്യയിലെ മോസ്റ്റ് വെല്‍ക്കമിങ് റീജിയന്‍ പട്ടികയില്‍ കേരളം രണ്ടാമത്. വിനോദസഞ്ചാരികളില്‍ നിന്നുള്ള 360 ദശലക്ഷത്തിലധികം പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാര പട്ടിക തയാറാക്കിയത്. കഴിഞ്ഞ തവണ കേരളം മൂന്നാമതായിരുന്നു. ‘മോസ്റ്റ് വെല്‍ക്കമിങ് സിറ്റീസ്’ വിഭാഗത്തില്‍ കേരളത്തില്‍ നിന്നും മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നീ സ്ഥലങ്ങള്‍ ഇടം നേടി. ഇന്ത്യയിലെ 10 സ്ഥലങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിനകത്ത് മാരാരിക്കുളം, തേക്കടി, ആലപ്പുഴ, മൂന്നാര്‍, വര്‍ക്കല എന്നിവ ഏറ്റവും സ്വാഗതാര്‍ഹമായ പ്രദേശങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കേരളം വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്ന അതുല്യമായ അനുഭവത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ആതിഥ്യമര്യാദയിലൂടെയും പ്രകൃതിസൗന്ദര്യം, സാംസ്കാരിക പൈതൃകം എന്നിവയിലൂടെയും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരളത്തിന് സാധിക്കുന്നു. ആഗോള ടൂറിസം ഭൂപടത്തില്‍ സുപ്രധാന ഇടം നിലനിര്‍ത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത്തരം അംഗീകാരങ്ങള്‍ ഊര്‍ജമേകുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്കിടയില്‍ കേരളം പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണെന്നതിന്റെ തെളിവാണ് ഈ അവാര്‍ഡെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. കേരളം ടൂറിസം നടപ്പാക്കുന്ന നൂതന ഉല്പന്നങ്ങള്‍ക്കും പദ്ധതികള്‍ക്കുമുള്ള അംഗീകാരമായി ഈ റാങ്കിങ്ങിനെ കാണുന്നുവെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.