Site iconSite icon Janayugom Online

കേരളം മികച്ച തൊഴിലിടം; കൊച്ചിക്കും തിരുവനന്തപുരത്തിനും നേട്ടം

പഠനം പൂർത്തിയാക്കി തൊഴിൽ രംഗത്ത് ഇറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതൽ യുവജനങ്ങൾ ലിംഗഭേദമന്യേ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് ഏറ്റവും പുതിയ ഇന്ത്യ സ്കിൽസ് റിപ്പോർട്ട്. 18–21 പ്രായക്കാരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്. പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരങ്ങളിൽ കൊച്ചി രാജ്യത്ത് രണ്ടാമതും തിരുവനന്തപുരം നാലാമതുമെത്തി. ഏറ്റവും കൂടുതൽ വനിതകൾ തൊഴിൽ ചെയ്യാനിഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്.

നഗരങ്ങളിലെ 18–21 പ്രായപരിധിയിലുള്ളവരുടെ തൊഴിൽക്ഷമതയിലും തിരുവനന്തപുരം മൂന്നാം സ്ഥാനത്തോടെ മികവ് തെളിയിച്ചു. കമ്പ്യൂട്ടർ നൈപുണിയിൽ തിരുവനന്തപുരം ഒന്നാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും സ്വന്തമാക്കി. കേരളത്തിന്റെ നൈപുണ്യ പരിശീലനത്തിലെ മികവിനാണ് ദേശീയാംഗീകാരം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴിൽക്ഷമത ഉള്ളവരാണെന്ന് റിപ്പോർട്ട് പറയുന്നു. മുൻ വർഷം ഇത് 50.3 ശതമാനമായിരുന്നു. ഈ പുരോഗതിക്ക് സംഭാവന ചെയ്തതിലും കേരളത്തിന് വലിയ പങ്കുണ്ട്.

രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഗൂഗിൾ, സിഐഐ, എഐസിടിഇ, എഐയു, ടാഗ്ഡ് എന്നിവരുമായി ചേർന്ന് വീബോക്സ് വിപുലമായി നടത്തിയ നാഷണൽ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്കിൽസ് റിപ്പോർട്ട് തയ്യാറാക്കിയത്. വിവിധ നൈപുണ്യ വിഭാഗങ്ങളിൽ ഉയർന്ന പ്രതിഭകളുടെ ലഭ്യതയിൽ കേരളം മുൻനിരയിലുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. തൊഴിൽദാതാക്കൾക്കുള്ള പ്രധാന കേന്ദ്രമെന്ന കേരളത്തിന്റെ നില കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്ക്.

സാങ്കേതിക മുന്നേറ്റങ്ങളോടുള്ള പ്രതിബദ്ധത അടിവരയിടുന്ന വിധത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾ കമ്പ്യൂട്ടർ നൈപുണ്യത്തിൽ ഉയർന്ന മുന്നേറ്റം കൈവരിച്ചതിനെ റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നു. പ്രായോഗിക പഠനത്തോട് പ്രതിബദ്ധതയുള്ള, വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിന് പേരുകേട്ട ദക്ഷിണേന്ത്യൻ സംസ്ഥാനമായും കേരളത്തെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

എന്‍ജിനീയറിങ്, ഐടി രംഗത്ത് മുന്നില്‍

ഐടി, കമ്പ്യൂട്ടർ സയൻസ്, എന്‍ജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽനൈപുണ്യമുള്ളത്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമർശനാത്മക ചിന്ത എന്നീ നൈപുണ്യങ്ങളിൽ കേരളത്തിലെ 18–29 പ്രായഗണത്തിലുള്ള യുവജനങ്ങൾ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) തൊഴിൽക്ഷമതയും നൈപുണ്യവും വികസിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും സ്കിൽ ഇന്ത്യ റിപ്പോർട്ടിലുണ്ട്.

Eng­lish Sum­ma­ry: Ker­ala is the best place to work
You may also like this video

Exit mobile version