Site iconSite icon Janayugom Online

പ്രതിദിന വേതന നിരക്കില്‍ കേരളം മുന്നില്‍

തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കില്‍ കേരളം മുന്നില്‍. ജമ്മു കശ്മീര്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഉയര്‍ന്ന പ്രതിദിന വേതനം ലഭിക്കുന്നതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വ്യാവസായിക സംസ്ഥാനങ്ങളെന്ന് അവകാശപ്പെടുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും, വേതനം കുറവാണെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ നിര്‍മ്മാണ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളായ ത്രിപുരയിലും മധ്യപ്രദേശിലും ഉള്ളതിന്റെ മൂന്നിരട്ടിയിലധികമാണ്. ത്രിപുരയില്‍ 250 രൂപയും മധ്യപ്രദേശില്‍ 267 രൂപയും ഗുജറാത്തില്‍ 296 രൂപയും മഹാരാഷ്ട്രയില്‍ 362 രൂപയുമാണ് ദിവസക്കൂലി. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഒരു നിര്‍മ്മാണ തൊഴിലാളിക്ക് പ്രതിദിനം ശരാശരി 837.3 രൂപ വരുമാനം ലഭിച്ചുവെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളം കഴിഞ്ഞാല്‍ ശരാശരി പ്രതിദിന വേതനം 500ല്‍ കൂടുതലുള്ളത് ജമ്മു കശ്മീരിലാണ്, 519 രൂപ. തമിഴ്നാട് (478), ഹിമാചല്‍ പ്രദേശ് (462), ഹരിയാന (420), ആന്ധ്രാപ്രദേശ് (409) എന്നിങ്ങനെയാണ് പ്രതിദിന വേതനം. കാര്‍ഷിക, കാര്‍ഷികേതര വിഭാഗങ്ങളുടെ കാര്യത്തിലും, ഏറ്റവും കൂടുതല്‍ പ്രതിദിന വേതനം നല്‍കുന്നത് കേരളമാണ്. ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ഏറ്റവും കുറഞ്ഞ പ്രതിഫലം നല്‍കുന്നതെന്നും ആര്‍ബിഐ പുറത്തിറക്കിയ ഹാന്‍ഡ്ബുക്കില്‍ പറയുന്നു.

Eng­lish Sum­ma­ry: Ker­ala leads in dai­ly wage rate
You may also like this video

Exit mobile version