Site icon Janayugom Online

‘ലഹരി‘നുണഞ്ഞ പ്രതിപക്ഷ രാഷ്ട്രീയം

കേരളം നശിച്ചുനാറാണക്കല്ല് കാണണം എന്ന് ശപഥമെടുത്താണ് പ്രതിപക്ഷം നിയമസഭയുടെ പടികയറുന്നത്. ഇന്ന് അവതരിപ്പിച്ച അടിയന്തരപ്രമേയം ഗൗരവമുള്ളതായിരുന്നെങ്കിലും വിവരണവും വിശകലനവും പ്രയോഗവുമെല്ലാം നാലെണ്ണം വിട്ടവിധത്തിലായിരുന്നു. നാട് ലഹരിയിലമരുന്നുവെന്നത് വലിയ പ്രശ്നമാണ്. അതിനെതിരെ കേരളമാകെ കൈകോര്‍ത്ത് നീങ്ങുന്ന ഘട്ടംകൂടിയാണിത്. എല്ലാ ക്യാമ്പയിനില്‍ നിന്നും പ്രതിപക്ഷം മാറിനില്‍ക്കുന്നതാണ് നാട്ടിലെ കാഴ്ച. നിയമസഭയിലെങ്കിലും പ്രതിപക്ഷം കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത കാണിക്കുമെന്നായിരുന്നു പ്രതീക്ഷ. അതെല്ലാം ഇന്നലെ നശിച്ചു.

അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടന്‍ പറഞ്ഞുപറഞ്ഞ് അന്തമായ രാഷ്ട്രീയത്താല്‍ വാചാലനായി. എങ്ങനെ ലഹരിമാഫിയയെയും ലഹരി ഉപയോഗത്തെയും ഇല്ലാതാക്കാമെന്നാണ് നിയമസഭ പോലുള്ള ജനാധിപത്യത്തിലെ ഏറ്റവും ഉന്നതമായ സംവിധാനം ചര്‍ച്ചചെയ്യുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, വിഷയത്തെ രാഷ്ട്രീയമായി കണ്ട് നേരംകൊല്ലാനായിരുന്നു പ്രതിപക്ഷ നീക്കം.

മേപ്പാടിയില്‍ അപര്‍ണ ഗൗരിയെന്ന വിദ്യാര്‍ത്ഥി നേതാവിനെ ആക്രമിച്ചത് എസ്എഫ്ഐക്കാരാണെന്നെല്ലാം വി ഡി സതീശന്‍ പറഞ്ഞതോടെ സഭയാകെ ഇളകി മറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് ഉള്‍പ്പെടെ സീറ്റില്‍ നിന്നിറങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ചു. രാഷ്ട്രീയ ലഹരിയില്‍ പ്രതിപക്ഷത്തിന്റെ പ്രകോപനം നിയമസഭയെ കളങ്കിതമാക്കുകയായിരുന്നു. എന്നാല്‍ മേപ്പാടിയില്‍ അപര്‍ണയെ ആക്രമിച്ചത് കെഎസ്‌യു നേതാവ് അതുലും മുസ്‌ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ നേതാവും ആണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്ന ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവ് നിയമസഭയിലെ പ്രസംഗം.

കേരളത്തിലാകെ ലഹരിയുപയോഗം വര്‍ധിക്കുകയാണെന്നും അതെല്ലാം എസ്എഫ്ഐക്കാരാണെന്നും ധ്വനിവരുന്നവിധമാണ് മാത്യു കുഴല്‍നാടനും പ്രതിപക്ഷനേതാവും പ്രസംഗിച്ചത്. പ്രമേയത്തില്‍ സൂചിപിച്ച പൊതുവിഷയം ഗൗരവമുള്ളതാണെന്ന വിലയിരുത്തലാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മറുപടിയിലൂടെ നടത്തിയത്. എന്നാല്‍ കേരളത്തിലാണ് രാജ്യത്ത് ലഹരി ഉപയോഗം കൂടുതലെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് അദ്ദേഹം വിവരിച്ചു. കേന്ദ്ര റിപ്പോര്‍ട്ടനുസരിച്ച് ലഹരിഉപയോഗത്തില്‍ കേരളം വളരെ പിന്നിലാണ്. ഇന്ത്യയിൽ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽപ്പോലും കേരളമില്ലെന്നിരിക്കെ പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രം.

മേപ്പാടിയിലെ അപര്‍ണയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ആളുകളെ പലര്‍ക്കും അറിയാവുന്നതുകൊണ്ട് വാര്‍ത്തകള്‍ പുറത്തുവരാന്‍ നാലുദിവസമെടുത്തുവെന്നാണ് മന്ത്രി രാജേഷ് പിന്നീട് സഭയ്ക്ക് പുറത്ത് പറഞ്ഞത്. ഡിസംബര്‍ രണ്ടിനാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. വാര്‍ത്ത പുറത്തുവന്നത് ആറാം തീയതിയാണ്. പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തപ്പോഴാണ് വാര്‍ത്ത നല്‍കാന്‍ പലരും തയാറായത്. എന്തിനാണ് ഇവര്‍ക്ക് തല്ലുകിട്ടിയതെന്ന് പറയാതിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മേപ്പാടി സംഭവം പുറത്തറിഞ്ഞത്. ഏത് സംഘടനക്കാരാണ് തല്ലിയതെന്നോ ആര്‍ക്കാണ് തല്ല് കിട്ടിയതെന്നോ നിയമസഭയില്‍ മന്ത്രിയെന്ന നിലയില്‍ പറഞ്ഞില്ലന്ന് എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷമാണ് സംഭവത്തെ കക്ഷിരാഷ്ട്രീയവല്‍ക്കരിച്ച് സംഘടനകളുടെ പേരുകള്‍ പറഞ്ഞ് ചര്‍ച്ചയെ വഴിതിരിച്ചതെന്നും രാജേഷ് മാധ്യമങ്ങളോട് വിശദീകരിച്ചു.

യഥാര്‍ത്ഥത്തില്‍ ലഹരിവിരുദ്ധ അടിയന്തരപ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് ഗൗരവമേറിയ ചര്‍ച്ചയോടെ പരിഹാരം ഉണ്ടാവേണ്ടതായിരുന്നു. പ്രമേയത്തെ അവതരാകനും പ്രതിപക്ഷനേതാവും രാഷ്ട്രീയലഹരിയില്‍ മുക്കിയതോടെ കേരളത്തിന്റെയാകെ പ്രതീക്ഷയാണ് തകിടംമറഞ്ഞത്. എങ്കിലും കക്ഷിരാഷ്ട്രീയവല്‍ക്കരിക്കാതെ മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിനൊപ്പം അണിനിരക്കാനുള്ള നിയമസഭയിലെ എക്സൈസ് മന്ത്രിയുെട പ്രതിപക്ഷത്തോടുള്ള ആഹ്വാനമാണ് ശ്രദ്ധേയം. ഒറ്റക്കെട്ടായ നീക്കം ലഹരിമാഫിയയെ തകര്‍ക്കാനാവും. അതിനെതിരെയുള്ള പ്രതിപക്ഷ നിലപാട് ലഹരിമാഫിയയ്ക്ക് മുതല്‍ക്കൂട്ടാവാനേ ഉപകരിക്കു.

ഇതിലെ രാഷ്ട്രീയം മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ അവതരിപ്പിച്ച ലഹരിമാഫിയയുടെ ആക്രമണമേറ്റവരുടെ പട്ടികതന്നെയാണ്. ഇടതുപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതടക്കം ബോധപൂര്‍വം മറന്നുകൊണ്ടായിരുന്നു കുഴല്‍നാടന്റെ ലഹരിയിലെ രാഷ്ട്രീയ പ്രമേയം. ലഹരി ഉപയോഗം കേരളത്തിലാണ് കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാനാണ് പ്രതിപക്ഷം സഭയിലും നടത്തിയത്. എന്നാല്‍ എക്സൈസ്, പൊലീസ് സംവിധാനം ശക്തമായ പരിശോധനയാണ് സംസ്ഥാനത്ത് നടത്തിവരുന്നത്. 263 വിദ്യാലയ പരിസരങ്ങളിൽ ലഹരി വില്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവിടങ്ങളില്‍ കര്‍ശന ഇടപെടലുകളുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത 24,563 ലഹരിമരുന്ന് കേസുകളിൽ 27,088 പേരെ അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധക്യാമ്പയിന്റെ ഭാഗമായി സാമൂഹിക‑സന്നദ്ധ സംഘടനകളും യുവജന‑വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളം സര്‍ക്കാരിനൊപ്പം കൈകോര്‍ക്കുന്നുണ്ട്. വിവിധ കക്ഷികളും രംഗത്തുണ്ട്. എന്നാല്‍ അതില്‍ പ്രതിപക്ഷത്തിന്റെ നിഴല്‍പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 

Exit mobile version