തിരുവനന്തപുരം കോര്‍പറേഷനിലെ ഇല്ലാത്ത കത്തിന്റെ പേരില്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം നിയമസഭയില്‍. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ മറുപടിയോടെ പി സി വിഷ്ണുനാഥ് പ്രമേയത്തിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുമതിയും നിഷേധിച്ചു. സഭയ്ക്ക് പുറത്ത് കോണ്‍ഗ്രസും ഇതേവിഷയത്തില്‍ പ്രക്ഷോഭം നടത്തിയിരുന്നു. വനിതകള്‍ അടക്കം അണിനിരന്ന വ്യാജക്കത്ത് സമരത്തെ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് നേരിടുകയും ചെയ്തു.
കോര്‍പറേഷന്റെ കാര്യത്തില്‍ മാത്രമല്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളിലാകെ നടക്കുന്ന നിയമനം സംബന്ധിച്ച് വ്യാജപ്രചാരണമാണ് നടക്കുന്നതെന്നാണ് സഭയില്‍ അടിയന്തരപ്രമേയാനുമതിക്കുള്ള മറുപടിയില്‍ മന്ത്രി എം ബി രാജേഷ് പറഞ്ഞത്. അർധ സത്യങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നെന്നും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുതൽ ആരംഭിച്ചതാണ് ഇത്തരം വ്യാജ പ്രചരണങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
ഇതൊന്നും ജനങ്ങള്‍ മുഖവിലയ്ക്കെടുക്കില്ല. ഉദ്യോഗാര്‍ത്ഥികളോടുള്ള അനീതി ചെയ്യുകയാണെന്ന് വിശ്വസിപ്പിക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ക്കൊണ്ടും പ്രവര്‍ത്തനംകൊണ്ടും ഉദ്ദേശിക്കുന്നത്. വസ്തുതകളുടെ യാതൊരു പിന്‍ബലവും പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങള്‍ക്കില്ല. യുഡിഎഫ് നേതാക്കള്‍ ജോലിക്കായി നിര്‍ദ്ദേശിച്ച കത്തുകളും മന്ത്രി രാജേഷ് നിയമസഭയില്‍ വായിച്ചു. 1,99,201 പേര്‍ക്കാണ് ആറര വര്‍ഷത്തിനിടെ നിയമന ശുപാര്‍ശ നല്‍കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 1.62 ലക്ഷം നിയമനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. യുഡിഎഫ് ഭരണകാലത്തേക്കാള്‍ 18,000 കൂടുതലാണിത്. എന്നിട്ടും പ്രതിപക്ഷം ആരോപിക്കുന്നത്, നിയമനങ്ങളില്ലെന്നും പിഎസ്‌സിയെ നോക്കുകുത്തിയാക്കിയെന്നുമാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ബോര്‍ഡുകളിലെയും കോര്‍പറേഷനുകളിലെയും അടക്ക് 55 സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പിഎസ്‌സിക്ക് വിട്ടിരുന്നു. കേരള പിഎസ്‌സി ഏറ്റവും സജീവമാണ്. കോവിഡുകാലത്തുപോലും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. അതിന്റെയെല്ലാം ഗുണമാണ് ഇത്രയും നിയമനങ്ങള്‍ പരാതികള്‍ക്കിടയില്ലാതെയും സുതാര്യവുമായി പൂര്‍ത്തിയാക്കാനായത്. താല്‍ക്കാലിക നിയമനമാണെങ്കില്‍പ്പോലും കൃത്യമായ മാനദണ്ഡങ്ങളോടെയാണ് നടപ്പാക്കുന്നത്. ഇതിലൊന്നിലും സര്‍ക്കാരിന്റെ ഇടപെടലുണ്ടാവാറില്ലെന്നും മന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരം നഗരസഭാ കോര്‍പറേഷന്റെ കാര്യത്തില്‍ നടക്കുന്ന വിവാദം ഇല്ലാത്ത ഒരു കത്തിനെച്ചൊല്ലിയാണ്. കത്ത് മേയറുടേതെന്നാണ് ആരോപണം. എഴുതിയിട്ടില്ലെന്നും കിട്ടിയിട്ടില്ലെന്നും പറയുന്ന ഒരു കത്തിനെച്ചൊല്ലി. മൂന്ന് തവണ കോര്‍പറേഷനില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതൊക്കെ എങ്ങനെ പിന്‍വാതില്‍ നിയനമമാകും. അനധികൃത നിയമനം നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും. അടിയന്തര പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ട സാഹാചര്യം ഇല്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതോടെയാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. സഭാ നടപടികള്‍ തടസപ്പെടുത്തുംവിധം ബഹളം തുടങ്ങിയതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.
പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് ഇന്ന് രാവിലെയാണ് തുടക്കമായത്. മുന്‍ ആഭ്യന്തരമന്ത്രിയും സിപിഐ(എം) നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ചരമോപചാരമര്‍പ്പിച്ചായിരുന്നു തുടക്കം. സുപ്രധാനമായ ബില്ലുകളടക്കം സമ്മേളനത്തിന്റെ പരിഗണനയിലുണ്ട്. വെറ്ററിനറി സര്‍വകലാശാലയിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ പട്ടികവിഭാഗ സംവരണ തോത് മറ്റ് സര്‍വകലാശാലകള്‍ക്ക് തുല്യമാക്കാനുള്ള കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വകലാശാല (ഭേദഗതി) ബില്‍ ആണ് ആദ്യം പരിഗണിച്ചത്. കേരള ഹൈക്കോടതി സര്‍വീസുകള്‍ (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്ലും ഇന്നലെ പരിഗണിച്ചു. ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംസ്ഥാന ജീവനക്കാരുടേതിന് തുല്യമാക്കുകയാണ് ബില്ലിന്റഎ ലക്ഷ്യം. 58 ആക്കണമെന്ന് രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇരവിപുരം കശുവണ്ടി ഫാക്ടറിയുടെ 34.5 സെന്റ് ഭൂമികൂടി ഏറ്റെടുക്കല്‍ പട്ടികയില്‍പ്പെടുത്തുന്ന കേരള കശുവണ്ടി ഫാക്ടറികള്‍ (വിലയ്ക്കെടുക്കല്‍) നിയമ ഭേദഗതി നിര്‍ദേശം അടങ്ങിയ ബില്‍, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് (ഭേദഗതി) ബില്‍ എന്നിവയും സഭയില്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ അവസാനിപ്പിച്ച് സബ്ജറ്റ് കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്തു.
English Sammury: Kerala Assembly session has started, The opposition’s urgent motion is not allowed