Site iconSite icon Janayugom Online

ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്: ഒന്നാമതായി കേരളം, അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി

കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ബെസ്റ്റ് പെർഫോർമർ പുരസ്ക്കാരം നേടി കേരളം. കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെർഫോമർ പുരസ്ക്കാരം കരസ്ഥമാക്കി വരുന്ന കേരളം ഇതാദ്യമായാണ് ദേശീയ സ്റ്റാർട്ടപ്പ് രംഗത്തെ പരമോന്നത പുരസ്ക്കാരം സ്വന്തമാക്കുന്നത്. ഗുജറാത്ത്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോടൊപ്പമാണ് കേരളം ഒന്നാം സ്ഥാനം പങ്കിട്ടത്.

ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, വനിതാ സംരംഭകർ എന്നിവർക്ക് നൽകി വരുന്ന സ്ഥാപിതമായ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന ഇഗ്നൈറ്റ് കാലിക്കറ്റ് പോലുള്ള പരിപാടികൾ, ഗ്രാമീണ മേഖലകളിൽ ആശാവഹമായ മാറ്റം കൊണ്ടു വരാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനം എന്നിവയാണ് കേരളത്തെ ബെസ്റ്റ് പെർഫോർമർ പുരസ്ക്കാരത്തിലേക്ക് എത്തിച്ചത്.

വിഭവശേഷി വികസനം, നിക്ഷേപ നേതൃത്വം, സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇൻകുബേഷൻ, മെന്റർഷിപ്പ് സേവനങ്ങൾ, നൂതനത്വം, മികച്ച സ്ഥാപനം എന്നീ മേഖലകളിലാണ് കേരളത്തിന്റെ മികവ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മൊത്തം 5000 ലധികം സ്റ്റാർട്ടപ്പുകളാണ് കെഎസ്‌യുഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 240 ലധികം വിപണി പ്രവേശനം നടത്തിക്കഴിഞ്ഞു. നൂറിലധികം സ്റ്റാർട്ടപ്പുകൾ വനിതാസംരംഭകരുടേതാണ്. 14 ജില്ലകളിലുമായി 50 ലധികം ഇൻകുബേറ്ററുകൾ പ്രവർത്തിക്കുന്നു.

സംസ്ഥാനസർക്കാർ ജീവനക്കാർക്കായി അഞ്ചിലേറെ അവബോധന പരിപാടികൾ, നിക്ഷേപ സമാഹരണത്തിനായി 15 ലേറെ പദ്ധതികൾ, പുനരുപയോഗ ഊർജ്ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നിയ 40 ൽപരം സ്റ്റാർട്ടപ്പുകൾ, ഗ്രാമീണ വികസനത്തിലൂന്നിയ 40 ൽപരം സ്റ്റാർട്ടപ്പുകൾ എന്നിവയാണ് കേരള സ്റ്റാർട്ടപ്പ് മിഷനിലുള്ളത്.

അഭിമാനകരമായ നേട്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര വാണിജ്യ‑വ്യവസായ മന്ത്രാലയത്തിന്റെ 2022 ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തിയത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റാങ്കിങ് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാരംഭിച്ചതിന് ശേഷമുള്ള നാലാം പതിപ്പിലാണ് കേരളം ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നത്. ഇതിന് മുൻപുള്ള വർഷങ്ങളിലെല്ലാം ടോപ് പെർഫോർമറായും കേരളത്തെ തെരഞ്ഞെടുത്തിരുന്നു.

നിലവാരമുള്ളതും മികവുറ്റതുമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമൊരുക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾക്കുള്ള അംഗീകാരമാണ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം. ലോകോത്തര നിലവാരമുള്ള ഇൻകുബേഷൻ സൗകര്യങ്ങളും സൂപ്പർ ഫാബ്‌ലാബും സാമ്പത്തിക പിന്തുണയുമടക്കം സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഒരുപാട് സംവിധാനങ്ങളാണ് കേരളത്തിൽ ഒരുക്കിയിട്ടുള്ളത്. ഇവയിൽ പലതിനും അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചു.

കേരളത്തിന്റെ സമഗ്രമായ സാമൂഹിക പുരോഗതിക്ക് വ്യവസായികമായ മുന്നേറ്റം അനിവാര്യമാണ്.
ഈ വികസനക്കുതിപ്പിനായി വിവിധ നടപടികൾ സർക്കാർ കൈക്കൊണ്ടുവരികയാണ്. ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിലെ കേരളത്തിന്റെ മികച്ച പ്രകടനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry: Ker­ala Ranks First India Rank­ing start up
You may also like this video

Exit mobile version