Site iconSite icon Janayugom Online

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: വൈശാഖനും പ്രൊഫ. കെ പി ശങ്കരനും ഫെല്ലോഷിപ്പ്

KSAAKSAA

2021ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്രസംഭാവന പുരസ്കാരവും പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പിന് വൈശാഖനും പ്രൊഫ. കെ പി ശങ്കരനും അര്‍ഹരായതായി അക്കാദമി പ്രസിഡന്റ് സച്ചിതാനന്ദന്‍, സെക്രട്ടറി പ്രൊഫ. സി പി അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50000 രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഡോ. കെ ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ, കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാല്‍, ഗീത കൃഷ്ണന്‍കുട്ടി, കെ എ ജയശീലന്‍ എന്നിവര്‍ക്ക് നല്‍കും. 30000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. അക്കാദമി അവാര്‍ഡുകള്‍ക്ക് അന്‍വര്‍ അലി (കവിത), ഡോ. ആര്‍ രാജശ്രീ, വിനോയ് തോമസ് (നോവല്‍), ദേവദാസ് വി എം (ചെറുകഥ), പ്രദീപ് മണ്ടൂര്‍ (നാടകം), എന്‍ അജയകുമാര്‍ (സാഹിത്യവിമര്‍ശനം), ഡോ. ഗോപകുമാര്‍ ചോലയില്‍ (വൈജ്ഞാനിക സാഹിത്യം), പ്രൊഫ. ടി ജെ ജോസഫ്, എം കുഞ്ഞാമന്‍ (ജീവചരിത്രം), വേണു (യാത്രാവിവരണം), അയ്മനം ജോണ്‍ (വിവര്‍ത്തനം), രഘുനാഥ് പലേരി (ബാലസാഹിത്യം), ആന്‍ പാലി (ഹാസ്യ സാഹിത്യം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരങ്ങള്‍.
വിവിധ എന്‍ഡോവ്മെന്റ് അവാര്‍ഡുകളും പ്രഖ്യാപിച്ചു. 5000 രൂപ വീതമുള്ള ഐ സി ചാക്കോ അവാര്‍ഡിന് വൈക്കം മധു, ഗീതാ ഹിരണ്യന്‍ അവാര്‍ഡിന് വിവേക് ചന്ദ്രന്‍ എന്നിവര്‍ അര്‍ഹരായി. സി ബി കുമാര്‍ അവാര്‍ഡ് അജയ് പി മങ്ങാട്ട്, ജി എന്‍ പിള്ള അവാര്‍ഡ് ഡോ. പി കെ രാജശേഖരന്‍, ഡോ. കവിത ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നല്‍കും. 3000 രൂപ വീതമാണ് പുരസ്കാരം. കെ ആര്‍ നമ്പൂതിരി അവാര്‍ഡിന് പ്രൊഫ. പി ആര്‍ ഹരികുമാര്‍, കനകശ്രീ അവാര്‍ഡിന് കിംഗ് ജോണ്‍സ് എന്നിവരും അര്‍ഹരായി. 2000 രൂപ വീതമാണ് പുരസ്കാര തുക. തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സര വിജയി എന്‍ കെ ഷീലയ്ക്ക് 5000 രൂപയുടെ പുരസ്കാരം ലഭിക്കും. 2018ലെ വിലാസിനി അവാര്‍ഡിന് ഇ വി രാമകൃഷ്ണന്‍ അര്‍ഹനായി. 50000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

Eng­lish Sum­ma­ry: Ker­ala Sahitya Akade­mi awards announced

You may like this video also

Exit mobile version