Site iconSite icon Janayugom Online

കേരള സർവകലാശാല കലോത്സവം: മാര്‍ ഇവാനിയോസ് മുന്നില്‍

കേരള സർവകലാശാല കലോത്സവത്തിന്റെ രണ്ടാംദിനം ആധിപത്യം പുലർത്തി തലസ്ഥാന ജില്ലയിലെ കോളജുകൾ. മത്സരങ്ങൾ പുരോഗമിക്കുമ്പോൾ 43 പോയിന്റുമായി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജാണ് മുന്നിൽ. 30 പോയിന്റുമായി തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ മ്യൂസിക് കോളജും 26 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജും പിന്നാലെയുണ്ട്. 11 പോയിന്റുമായി ആതിഥേയ ജില്ലയായ ആലപ്പുഴയിലെ ബിഷപ്പ് മൂർ കോളജാണ് അഞ്ചാം സ്ഥാനത്ത്. 10 പോയിന്റുകൾ നേടി തിരുവനന്തപുരം ആർട്സ് കോളജും ചേർത്തല സെന്റ് മൈക്കിൾസ് കോളജും പിന്നാലെയുണ്ട്.
തിരുവാതിര മത്സരത്തിൽ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളജും തിരുവനന്തപുരം മാർ ഇനാവിനിയോസ് കോളജും ഒന്നാം സ്ഥാനം പങ്കിട്ടു. കേരളനടനം പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ നന്ദകിഷോറും വീണയിൽ തിരുവനന്തപുരം സ്വാതി തിരുനാൾ കോളജിലെ പല്ലവി കൃഷ്ണ എസ് എസും ഒന്നാം സ്ഥാനം നേടി.
കഥകളി വനിതാവിഭാഗത്തിൽ മാവേലിക്കര ബിഷപ് മൂർ കോളജിലെ മീനാക്ഷി ബി നായരും ഗസൽ (വനിത) മത്സരത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ കാവ്യശ്രീ സുരേഷും ഒന്നാമതെത്തി. ഇന്ന് വട്ടപ്പാട്ട്, കുച്ചിപ്പുടി, മാർഗംകളി, വഞ്ചിപ്പാട്ട്, ഗാനമേള, കോൽകളി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും.

eng­lish summary;Kerala Uni­ver­si­ty Arts Fes­ti­val: Mar Ivan­ios leads the way

you may also like this video:

Exit mobile version