Site iconSite icon Janayugom Online

പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ല; നിയമ പോരാട്ടം നടത്തും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമനടപടികളിലേക്ക് കേരളം. സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനിയമനടപടി സുപ്രീം കോടതി മുഖേന അടിയന്തരമായി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനൽ സ്യൂട്ട് നേരത്തെ തന്നെ സുപ്രീം കോടതി മുമ്പാകെ സംസ്ഥാനം ഫയൽ ചെയ്തിരുന്നു. പൗരത്വ നിയമത്തിന് കീഴിലുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് സുപ്രീം കോടതി മുഖേന തുടർ നിയമനടപടിക്ക് സംസ്ഥാനം ഒരുങ്ങുന്നത്.

കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിന്റേത്. ഇതിന് അനുസൃതമായ നടപടികളാണ് നേരത്തെ മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഈ വിഷയത്തില്‍ പ്രമേയം പാസാക്കിയത് കേരള നിയമസഭയാണ്.
മതം, ജാതി, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും പാടില്ല എന്നുള്ളത് ഭരണഘടന തന്നെ വ്യക്തമാക്കുന്നു. ഭരണഘടനാവിരുദ്ധമായ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ചട്ടങ്ങള്‍ സ്വാഭാവികമായും ഭരണഘടനാ വിരുദ്ധമാണ്. അത് നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാനത്തിനില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരളം നേരത്തെതന്നെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തത്.

അനുബന്ധമായി വന്ന പാസ്പോര്‍ട്ട് നിയമം ഉള്‍പ്പെടെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. അത് കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തില്‍ ഏത് രീതിയിലുള്ള നിയമ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന കാര്യമുള്‍പ്പെടെ അഡ്വക്കേറ്റ് ജനറല്‍ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച ചെയ്യും.

ആശങ്ക രേഖപ്പെടുത്തി യുഎന്‍, യുഎസ്

പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസും ഐക്യരാഷ്ട്ര സംഘടനയും. നിയമം വിവേചനപരമാണെന്നും ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകളുടെ ലംഘനമാണെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷൻ വക്താവ് പറ‍ഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണോ പൗരത്വ ഭേദഗതി നിയമമെന്ന് പരിശോധിച്ചുവരികയാണെന്നും യുഎന്‍ അറിയിച്ചു.

നിയമത്തില്‍ ആശങ്കയുണ്ടെന്നും എങ്ങനെ നിയമം നടപ്പാക്കുമെന്നകാര്യം നിരീക്ഷിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളുടെയും മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുകയും ചെയ്യുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും വക്താവ് പറഞ്ഞു. തുല്യതയ്ക്കും അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമായ വിവേചനപരമായ നിയമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവിച്ചു.

Eng­lish Summary:Kerala will not imple­ment Cit­i­zen­ship Amend­ment Act; A legal bat­tle will be fought
You may also like this video

Exit mobile version