Site iconSite icon Janayugom Online

അതിദരിദ്രരില്ലാത്ത കേരളം; പ്രഖ്യാപനത്തിനൊരുങ്ങി കേരളം

സംസ്ഥാനത്തെ അരലക്ഷത്തോളം കുടുംബങ്ങൾക്ക് സുരക്ഷിത വീടും യഥാസമയം ഭക്ഷണവും മരുന്നും ഉറപ്പാക്കി അതിദരിദ്രരില്ലാത്ത കേരളമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കേരളം. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ ഒമ്പതിന് നിയമസഭയിൽ ചേരുന്ന പ്രത്യേക സമ്മേളനത്തിൽ ‘അതിദരിദ്രരില്ലാത്ത കേരളം’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയമായി അവതരിപ്പിക്കും. വൈകീട്ട് നാലിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനവും നടത്തും.

59,277 കുടുംബങ്ങളാണ് അതിദരിദ്ര പട്ടികയിലുള്ളത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ആദ്യ സര്‍വേയില്‍ 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇതില്‍ 4421 കുടുംബങ്ങള്‍ ഒഴിവാക്കപ്പെട്ടു. നാടോടികളായ 261 കുടുംബങ്ങളെ കണ്ടെത്താനായില്ലെന്നും തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു.

അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളിൽ വീട് ആവശ്യമുള്ളവരാണ് ഏറെയും. ഇവരുടെ സ്ഥലത്ത് ലൈഫ് പദ്ധതിയിൽനിന്ന് വീട് അനുവദിച്ചു. മിക്ക കുടുംബങ്ങളും തദ്ദേശസ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു. പുതുക്കിപ്പണിയേണ്ട വീടുകൾക്കും കരാറായി. 20,648 കുടുംബങ്ങൾക്ക് ഭക്ഷണം ആവശ്യമാണെന്ന് കണ്ടെത്തി. ഇതിൽ 2210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ഭക്ഷണവും 18,438 എണ്ണത്തിന് ഭക്ഷ്യക്കിറ്റുകളുമാണ് ആവശ്യം. 29,427കുടുംബങ്ങൾക്ക് മരുന്നും 4829 എണ്ണത്തിന് പാലിയേറ്റീവ് പരിചരണവും ഉറപ്പാക്കി. ഏഴുപേരെ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാക്കി.

Exit mobile version