കേരളത്തിന്റെ പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുകയാണെന്ന പൊതുബോധം തെറ്റാണെന്ന് എഴുത്തുകാരനും ദുരന്ത നിവാരണ വിദഗ്ധനുമായ മുരളി തുമ്മാരുകുടി പറഞ്ഞു. പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി മോശപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നു പറയാനും കേൾക്കാനുമാണ് ആളുകൾക്കിഷ്ടം. കഴിഞ്ഞ നൂറു വർഷമെടുത്താൽ കേരളത്തിലെ പരിസ്ഥിതിയിൽ ഏറ്റവും പുരോഗതിയുള്ള കാലമാണിത്. വനനശീകരണം ഇല്ലാതായി. നൂറു വർഷം മുമ്പ് സ്വാഭാവിക പരിസ്ഥിതി കൈയേറി തേയിലയും റബറും കൃഷി ചെയ്യാൻ സർക്കാർ അനുമതി നൽകിയ കാലഘട്ടത്തിൽ നിന്നും ലാഭമില്ലാത്തതു കൊണ്ട് ആളുകൾ മലയിറങ്ങുന്നു. കുട്ടനാട് സ്വാഭാവിക കൃഷിസ്ഥലമല്ല. പട്ടിണി സഹിക്കാൻ വയ്യാതെ കായൽ മണ്ണ് കൊത്തിയുണ്ടാക്കിയ നെൽപ്പാടങ്ങളാണ്. ആയിരം കൊല്ലം പഴക്കമുള്ള പരിസ്ഥിതിയുടെ ഭാഗമായി കണക്കാക്കിയിട്ടാണ് കുട്ടനാട്ടിൽ പ്രകൃതിനാശമെന്നു പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1960കളിൽ 8 ലക്ഷം ഹെക്ടർ നെല്കൃഷിയുണ്ടായിരുന്ന കേരളത്തില്‍ പട്ടിണി നില നിന്നിരുന്നു. അത് മാറി കേരളത്തിന്റെ നെൽകൃഷി 2 ലക്ഷം ഹെക്ടറിലേക്ക് താഴ്ന്നെങ്കിലും ഇപ്പോൾ പട്ടിണിയില്ല. ഒരു ലക്ഷം ഹെക്ടർ നികത്തിയെന്നു കരുതിയാലും ബാക്കി അഞ്ചു ലക്ഷം സ്വാഭാവിക പരിസ്ഥിതിയിലേക്ക് തിരിച്ചു വരുന്ന കാലമാണിത്. വീടുകളിൽ കൃഷി നിലച്ചു. വലിയ എസ്റ്റേറ്റുകളിലും കൃഷിയില്ല. അവിടെ പുള്ളിപ്പുലിയും ആനയും വരുന്നു. എന്നിട്ടും പ്രകൃതി നാശമെന്നു വിചാരിക്കുന്നതാണ് പൊതുബോധം.
ലോകത്തെമ്പാടുമെന്ന പോലെ കേരളത്തിലും പരിസ്ഥിതി അവബോധം സൃഷ്ടിച്ചതിൽ വലിയ പങ്കു വഹിച്ചത് കലയും സാഹിത്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Kerala’s best environment in 100 years: Murali Tummarukudi
You may also like this video