Site iconSite icon Janayugom Online

പൊതുകടം കുറഞ്ഞുവരുന്ന കേരളം

ഇടതുപക്ഷ തുടര്‍ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം കുറഞ്ഞുവരുന്ന ആശാവഹമായ അവസ്ഥയാണ്. 2021–22 മുതല്‍ കടം കുറഞ്ഞുവരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏത് സംസ്ഥാനമായാലും കടമെടുക്കാൻ കഴിയുന്നത് കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾക്കു വിധേയമായിട്ടാണ്. എഫ്ആർബിഎം ആക്ട് അനുസരിച്ച് ഒരു സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്നത് ജിഎസ്ഡിപിയുടെ മൂന്നു ശതമാനം മാത്രമാണ്. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾക്ക് അധികമായി 0.5 ശതമാനം കടമെടുക്കലും അനുവദിക്കാറുണ്ട്. എന്നാൽ കേരളത്തിന് പലപ്പോഴും ഇതുപോലും ലഭിക്കാറില്ല. 

കിഫ്ബിയുടെയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഫണ്ടിന്റെയും ട്രഷറിയിൽ ലഭ്യമായിട്ടുള്ള പണത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ കേരളത്തിന്റെ കടപരിധി കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ട്. 2022–23 ൽ 2.5 ശതമാനവും 2023–24 ൽ 2.99 ശതമാനവുമാണ് സംസ്ഥാനത്തിന് വായ്‌പയെടുക്കാൻ കഴിഞ്ഞത്. ഇതു മൂലം കേരളത്തിന്റെ മൊത്തം കടം ജിഎസ്‌ഡിപിയുടെ ശതമാനവുമായി തട്ടിച്ചാൽ 2020–21 ന് ശേഷം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 2020–21ൽ കടം ജിഎസ്ഡിപി അനുപാതം 38.47 ശതമാനമായിരുന്നു. 2021–22 ൽ 36.3 ശതമാനമായും 2022–23 ൽ 35.38 ശതമാനമായും 2023–24 ൽ 34.2 ശതമാനമായും 2024–25 ൽ 33.9 ശതമാനമായും കുറഞ്ഞുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 30 വർഷത്തെ കണക്കെടുത്താൽ ഓരോ അഞ്ച് വർഷത്തിലും കേരളത്തിന്റെ കടം ഇരട്ടിയായി വർധിച്ചുകൊണ്ടിരുന്നു എന്ന് കാണാൻ കഴിയും. എന്നാൽ 2021–22 മുതൽ 2024–25 വരെയുള്ള കണക്കും 2025–26 ൽ എടുക്കാൻ സാധിക്കുന്ന കടത്തിന്റെ കണക്കുമെടുത്താൽ ഇത്തരത്തിലുള്ള വര്‍ധനവ് ഉണ്ടായിട്ടില്ല എന്ന് കാണാൻ കഴിയും. 2020–21ൽ സംസ്ഥാനത്തിന്റെ കടം 2.96 ലക്ഷം കോടി രൂപയായിരുന്നു. 2023–24 ൽ അത് 3.91 ലക്ഷം കോടിയും 2024–25 ൽ 4.31 ലക്ഷം കോടിയുമായി. 2025–26 ൽ അത് എത്ര ഉയർന്നാലും 4.75 ലക്ഷത്തിന് മുകളിൽ പോകില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. 

Exit mobile version