കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരിക്കലും നടക്കില്ല എന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ, ദേശീയപാത, മലയോര ഹൈവേ, ജലപാത തുടങ്ങിയ അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിയാണ് എൽഡിഎഫ് സർക്കാർ തുറന്നിടുന്നത്.
ടൂറിസം, കാർഷിക, വ്യാപാര മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. 60 മാസംകൊണ്ട് പൂർത്തിയാക്കുന്ന പാത താമരശേരി ചുരത്തിലെ മുടിപിൻ വളവുകളിൽ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാർഗമാകുമെന്നും അദ്ദേഹം പറഞ്ഞു. അർഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെട്ടതുൾപ്പടെ കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായത് വേദനാജനകമായ ദുരനുഭവമാണ്. സാരമായ വെട്ടിക്കുറവ് വരുത്തുന്നു, വായ്പ എടുക്കാനുള്ള അർഹത നിഷേധിക്കപ്പെട്ടു, വായ്പ പരിധി വെട്ടികുറച്ചു. തുടങ്ങിയവയെല്ലാം വരുമാനത്തിന് നഷ്ടമുണ്ടാക്കി. കിഫ്‌ബി വായ്പ സംസ്ഥാന വായ്പയായി പരിഗണിക്കാൻ ആകില്ലെന്ന് അവർ പറഞ്ഞു. 12,000 കോടിയോളം തുക നിഷേധിക്കുന്ന സ്ഥിതി ഉണ്ടായി. വികസന പദ്ധതികൾ ഏറ്റെടുക്കുമ്പോൾ അതിനെ തകർക്കാനുള്ള ശ്രമങ്ങളും ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

